Saturday, 6 August 2016

എന്‍റെ അമ്മക്ക്

പ്രിയപ്പെട്ട അമ്മക്ക് ,
   ഓരോ ദിവസവും തുടങ്ങുന്നത് ഞാന്‍ അമ്മയെ കണ്ടോണ്ടാണ് .അങ്ങനെ യുള്ള അമ്മക്ക് ഞാന്‍ എന്ത് എഴുതാനാണന്ന്  വിചാരിക്കുന്നുണ്ടാകും .എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നെനിക്കറിയില്ല . .അമ്മ  ഓര്‍ക്കുന്നുണ്ടോ പഴയ കുഞ്ഞാവയെ .അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നടന്ന ആ പിടിവാശിക്കാരിയെ.ഒരു ദിവസം പോലും അമ്മയില്‍ നിന്ന്‍ മാറിനില്‍ക്കാത്ത  കുഞ്ഞുമകളെ  .സ്കൂളില്‍ നിന്നും കല പിലാ ചിരിച്ച്കൊണ്ട് വീട്ടിലേക്ക് വണ്ടികള്‍ പോലും നോക്കാതെ ഓടിവരുന്ന ആ കുഞ്ഞു കാന്താരിയെ .എനിക്കറിയാം  ആരു മറന്നാലും എന്‍റെ ഒരോ ചലനങ്ങളും അമ്മ മറക്കില്ലെന്ന്‍.
          അമ്മയ്ക്കറിയുമോ ഞാന്‍ എപ്പോഴാണ്‌ അമ്മയുടെ കൈവിരലുകള്‍ തട്ടിമാറ്റി മുന്‍പോട്ട് പോയതെന്ന്‍.എവിടെയാണ് ഞാന്‍ അമ്മയില്‍നിന്നകന്നത് എന്ന്. അതെ കോളേജ് ജീവിതം ,ജീവിതത്തില്‍  അമ്മ എന്ന സുഹൃത്തിനെക്കാളും വലിയ ബന്ധങ്ങള്‍ ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങിയത് അവിടെനിന്നാണ് .ഒറ്റയ്ക്ക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയതും അവിടെ നിന്നാണ്.
   അതെ  അമ്മയ്ക്കുമനസിലാകില്ല ! എന്‍റെ സ്ഥിരം പല്ലവി .ഒരു ദിവസം പോലും ഞാന്‍ കറികള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല .എനിക്ക്  ഒത്തിരി സ്നേഹമാണെന്ന് പറയാന്‍ പോലും ഞാന്‍ മറന്നു പോയി ..എവിടെയാണോ ഞാന്‍ അകന്നത് അവിടെയാണ് എനിക്ക് പിഴച്ചത് .കൂടുതല്‍ കൂടുതല്‍ നമ്മള്‍ അകലുകയായിരുന്നു ..മുന്‍പില്‍ ഇരുന്ന്‍ ഒന്നു പൊട്ടിക്കരയാന്‍ പോലും ധൈര്യമില്ലാത്ത അത്ര ദൂരത്തേക്ക് .
       അമ്മയുടെ മോള്‍ എങ്ങും എത്തിയില്ല .അമ്മയുടെ പ്രതീക്ഷ എല്ലാം വെറുതെ ആയി .ഒരു ഫയല്‍ നിറയെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ വേറെ ഒന്നും ഞാന്‍ തിരികെ തന്നില്ല.സ്വയം പരാജയം ആണെന്ന്‍ ബോധ്യമുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിപ്പിച്ച നാവുകൊണ്ട് ഞാന്‍ വേദനിപ്പിച്ചിട്ടെയുള്ളൂ .അമ്മക്കറിയുമോ ഈ നാലുചുമരുകള്‍ക്കുള്ളില്‍  ഞാന്‍ കരഞ്ഞു തീര്‍ത്ത ദിവസങ്ങളെ പറ്റി .പരാജയത്തിന്‍റെ ഒരോ പടവും ഇറങ്ങി ഞാന്‍ താഴെ എത്തുമ്പോള്‍  ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം ഒളിപ്പിച്ചു.അതെ അമ്മ പറയുന്ന പോലെ 'എനിക്ക് എന്‍റെ ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ല, ജോലി ചെയ്യാതെ ഇങ്ങനെ ജീവിച്ചു തീര്‍ക്കാമല്ലോ' .അമ്മക്കറിയുമോ ഇപ്പോഴും സാഹചര്യങ്ങളോട് പൊരുത്തപ്പെടാതെ ആകുഞ്ഞുമോള്‍ എന്‍റെ മനസ്സില്‍ കരഞ്ഞു പിന്തിരിഞ്ഞു നില്‍ക്കുന്നത് .ഈ വീട്ടില്‍ നിന്ന് പോകാന്‍ ഭയമുള്ള ഒരു കുഞ്ഞ് എന്‍റെ ഉള്ളില്‍ ഇപ്പോഴും ഉണ്ടെന്നു പറഞ്ഞാല്‍ അമ്മ വിശ്വസിക്കുമോ ?
          എന്‍റെ ഈ ജീവിതം ഏതോ കുറച്ച് ഗുളികകളില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് ഞാന്‍ പറഞ്ഞാല്‍ എന്‍റെ അമ്മ എനിക്ക് മാപ്പ് തരുമോ ?അപ്പോഴും അമ്മപോലും അറിയാതെ എന്നെ തിരികെ വിളിച്ച അമ്മയുടെ ആ ദയനീയ നോട്ടം ...ഞാന്‍  ആ മുഖത്ത് നോക്കി എങ്ങനെ പറയും .ഈ ജന്മം എന്‍റെ അമ്മയ്ക്കുള്ളതാണ് ജന്മം തന്നതിനും വളര്‍ത്തിയതിനും പകരം ഞാനൊരു തീരാ വ്യഥ ആകില്ല.ഇനിയും എത്ര ദൂരം ഞാന്‍ നടക്കേണ്ടി വന്നാലും എവിടെയൊക്കെ തളര്‍ന്നു വീണാലും നിരങ്ങി നീങ്ങേണ്ടി വന്നാലും ദൈവം തന്ന ഈ ജീവിതവും  എന്‍റെ ഈ കുഞ്ഞു കുടുംബവും വിട്ട് മറ്റൊരു ലോകത്തേക്ക് അറിഞ്ഞു കൊണ്ട്  എനിക്ക് പോകേണ്ട .
        എന്നെ ക്ഷമിക്കാന്‍ പഠിപ്പിച്ചത് എന്‍റെ അമ്മയാണ്.എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും പിന്നെയും സ്നേഹിക്കാന്‍ പഠിപ്പിച്ചതും അമ്മയാണ്  .ദൈവത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയതും അമ്മയാണ് .ഈ ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും എന്‍റെ അമ്മയെയാണ്  .എന്‍റെ ജീവിതത്തിലെ എല്ലാ നന്മകളും അമ്മയുടെ ദാനമാണ്.ആ കണ്ണുനീരിനു മുന്‍പിലാണ് ഞാന്‍ തോറ്റു പോകുന്നതും .ഇനി ഒരു ജന്മം ഉണ്ടെങ്കിലും എനിക്ക്അമ്മയുടെ മകള്‍ ആയാല്‍ മതി . ആ കൈവിരലുകള്‍ പിടിച്ച് എനിക്കിനിയും ജന്മങ്ങള്‍ നടക്കണം .ആ കണ്ണുകളിലൂടെ വാക്കിലൂടെ ലോകം പിന്നെയും കണ്ട് തുടങ്ങണം .ഞാന്‍ വൈകിയാല്‍ പടിവാതിലില്‍ കാത്തുനില്‍ക്കാനും തെറ്റ് ചെയ്യുമ്പോള്‍ ശാസിക്കാനും അമ്മ എന്‍റെ കൂടെ എന്നും ഉണ്ടാകണം .എനിക്കറിയാം നൂറു  ജന്മംമതിയാകില്ല ഈ കടങ്ങള്‍ വീട്ടിതീര്‍ക്കാന്‍  .
       ഒരു  ദിവസം ഞാന്‍ അമ്മ ആഗ്രഹിക്കുന്ന മകള്‍ ആകും .എത്ര പതുക്കെ നടന്നാലും ഞാന്‍ അവിടെ എത്തും..അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കണം ..
              എന്ന് അമ്മയുടെ എത്രയും പ്രിയപ്പെട്ട കുഞ്ഞാവ