Saturday, 7 January 2017

കുടുംബം

      കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളത്, ഇത് ഞാന്‍ എവിടെയോ വായിച്ചതാണ് . നമ്മുടേത് മാത്രമായ ചെറിയ ലോകം.ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ എന്ന പലരുടേയും ചോദ്യത്തിന് മുന്‍പില്‍ നിന്നും പലവട്ടം ഒഴിഞ്ഞു മാറിയിട്ടുണ്ട്.ഓം ശാന്തി ഓശാനയില്‍ പറയുന്നപോലെ ചായ കുടിക്കാന്‍ വരുന്ന ഒരാളെ എന്ത് വിശ്വസിച്ച് കൂടെ കൂട്ടും.പക്ഷെ   ഒരുപാട് നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട്  ചായ കുടിക്കാന്‍ വരുന്ന ഏതെങ്കിലും ഒന്നു സമ്മതിക്കാന്‍ മനസ്സ് പാകപ്പെടുത്തി.അതെ ഒരു അറേഞ്ച്  മാര്യേജ് അത് മനസിലുണ്ടാക്കുന്ന പിരിമുറുക്കങ്ങളിലൂടെയുള്ള യാത്രയായിരുന്നു  ഈ പോയ മൂന്ന് മാസങ്ങള്‍ .കാണുന്നവര്‍ക്ക് ഞാന്‍ വളര്‍ന്നു പന്തലിച്ചെങ്കിലും എവിടെയൊക്കെയോ മനസ്സിന്‍റെ കോണില്‍ ഒരു പത്തുവയസ്സുകാരി കുറുംബ് കാണിക്കുന്നതുപോലെ.ഒറ്റക്ക് ഒരു തീരുമാനവും ജീവിതത്തില്‍ എടുക്കാനുള്ള പ്രാപ്തി ഇപ്പോളും എനിക്കുണ്ടോ എന്ന് സംശയമാണ് .കുറഞ്ഞത് മൂന്നു പെരോടെങ്കിലും അഭിപ്രായം ചോദിക്കുന്ന ഞാന്‍ ഒരു സുരക്ഷിത മേഖലയില്‍  നിന്നും പെട്ടെന്ന്‍ പുറത്തേക്ക് എടുത്ത് എറിയപെട്ടപോലെ .
        അതി ഗംഭീരമായ ഒരു പെണ്ണുകാണല്‍ ചടങ്ങിലൂടെ എന്‍റെ ജീവിതത്തിലേക്ക് വന്ന പുതിയ വ്യക്തിത്വത്തിന് എത്രത്തോളം എന്നെ ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്ന് അറിയില്ല .കുറച്ച് ഫ്ലാഷ് ബാക്ക് ലേക്ക് പോകാം സെപ്റ്റംബര്‍ 4 അന്നാണ് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായത് എന്നൊക്കെ പറയാം .ചായ സല്‍കാരത്തിനു ശേഷമുള്ള ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ .എന്തേലും  ചോദിക്കാനുണ്ടോ എന്തൊക്കെ ആലോചിച്ചിട്ടും ഒന്നും കിട്ടാനില്ലാത്ത അവസ്ഥ .ആ ഒരു മണിക്കൂര്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ അഭിരുചികളുള്ള രണ്ട് തലങ്ങളില്‍ വളര്‍ന്ന രണ്ടു പേരെ ദൈവം ഒരുമിപ്പിക്കുകയായിരുന്നു.ഒരാള്‍ നോണ്‍ വെജ് ആണെങ്കില്‍ മറ്റേത് വെജ് .മലയാളം ഫിലിം മാത്രം ഇഷ്ടപെടുന്ന എന്നോട് 'conjuring 2 'നെ പറ്റി ചോദിച്ചാ എന്താ പറയുക.ഒരു തവണ പോലും 'wrestling' കണ്ടിട്ടില്ലാത്ത ഞാനും രാത്രി 2 am വരെ ഉറക്കമിളച്ച് 'wrestling' കാണുന്ന ഏട്ടനും തമ്മില്‍ അലുവയും മത്തിക്കറിയും പോലെ ചേര്‍ച്ച.എന്നിട്ടും ഞാന്‍ എന്തുകൊണ്ട് നോ പറഞ്ഞില്ല.രണ്ടാമത് ഒരു കൂടി കാഴ്ച കൂടി കഴിഞ്ഞപ്പോ കുറെ കൂടി തുറന്ന്‍ സംസാരിക്കാന്‍ കഴിഞ്ഞു.എം ടെക് സര്‍ട്ടിഫിക്കറ്റ്ന് അപ്പുറം ഞാനൊന്നും അല്ലെന്ന്‍ പറയണമല്ലോ.ഞാന്‍ തന്നെ തീര്‍ത്ത നാലു ചുമരുകള്‍ക്കുള്ളില്‍ അക്ഷരങ്ങളെ സ്നേഹിച്ച്  കഴിയുന്ന എനിക്ക് അതിനപ്പുറമുള്ള ലോകത്തെ പറ്റി അതികമൊന്നും പറയാനുണ്ടായിരുന്നില്ല .എഴുത്തിനെ ഇഷ്ടപെടുന്ന ആളാണ്..വായിക്കാനും ഇഷ്ടമാണ് അതെന്നെ കുറച്ച് സ്വാധീനിച്ചു എന്ന് തന്നെ പറയാം. അതിനു ശേഷം വീട്ടുകാര്‍ ഒരു തീരുമാനത്തിലെത്തുന്നതു വരെയുള്ള  രണ്ട് മൂന്നു ദിവസം ഇടവേളയില്‍ ഞാന്‍ സത്യത്തില്‍ ഇതിനെ പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ.വീണ്ടും വീണ്ടും ചിന്തിക്കാന്‍ മാത്രം എന്തോ എവിടെയോ ഉടക്കിയപോലെ. മനസിന്റെ കട്ടി കൂടി വരുന്നപോലെ നൂറു തടസങ്ങള്‍ മുന്നില്‍ വന്നാലും ഉള്ളിലെവിടെയോ ഇത് നടക്കണേ എന്ന് ഞാന്‍ അറിയാതെ പ്രാര്‍ഥിച്ചു.അങ്ങനെ മോതിരം മാറലും സംസാരവും ഒക്കെയായി ഒരു നീണ്ട ഇടവേളയില്‍ ഞാന്‍ അക്ഷരങ്ങളെ പോലും മറന്നു .മറന്നതല്ല സമയമില്ലായ്മ ഒരു ദിവസവും ഒന്നിനും മതിയാകുന്നില്ല.ഇതിനിടയില്‍ രണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഉരസലും പൊട്ടിത്തെറിയും കൂടി ആകുബോ എന്‍റെ കുഞ്ഞു മനസ്സിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു .എന്നിരുന്നാലും എന്‍റെ വാശികള്‍ക്കും  മണ്ടത്തരങ്ങള്‍ക്കും മുന്നില്‍ തോറ്റുതരാനും ഒരു   സോറി യില്‍ എല്ലാം മറക്കാനും  ഞങ്ങള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്.
      എത്ര പുറം തിരിഞ്ഞു നടന്നാലും തിരികെ വിളിക്കുന്ന എന്തോ ഒന്ന്,ഒരു ദിവസത്തിനപ്പുറം പിണങ്ങാന്‍ കഴിയാത്ത അവസ്ഥ ഇതൊക്കെ തന്നെയാകും പ്രണയം.പ്രത്യേകിച്ച് ഒരു കാരണം കണ്ടെത്താന്‍ കഴിയാതെ സ്നേഹിക്കുന്നു മറ്റൊരാളുടെ സന്തോഷത്തിനായി സ്വന്തം താല്പര്യങ്ങള്‍ സന്തോഷത്തോടെ വേണ്ടെന്നു വെക്കാന്‍ കഴിയുന്നു.ഇതൊക്കെ എന്നിലെ മറ്റങ്ങളാകം.ഞാന്‍ എന്നതില്‍ നിന്നു ഞങ്ങള്‍ എന്നതിലേക്ക് ഇനി ഒരു മാസത്തെ അകലം മാത്രം .പ്രതീക്ഷയും അതിലേറെ ആകാംഷയും ,പിന്നെ എല്ലാം അറിയുന്ന ദൈവത്തെ മുറുകെ പിടിച്ച് ഇനിയും മുന്‍പോട്ടു പോകുക തന്നെ ..