Thursday, 2 March 2017

അടുക്കളയില്‍ നിന്ന്..

    അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു മുറ്റത്തെ പിച്ചി പൂവ് ഓര്‍മകളിലേക്ക് നിത്യയെ  കൂട്ടികൊണ്ട് പോയി ,അവള്‍ തടവില്‍ ആക്കപെട്ടതും ഒരു വെള്ളിയാഴ്ച്ച ആയിരുന്നു .പിച്ചി പൂവ് എന്നും അവള്‍ക്ക് പ്രിയങ്കരിയയിരുന്നു സ്വന്തം വീട്ടില്‍ മുറ്റത്ത് തളിര്‍ത്ത് നിന്ന പിച്ചിയുടെ ഓര്‍മ്മക്കെന്നോണം ആണ് ഭാതൃ വീട്ടില്‍ അടുക്കളയോട് ചേര്‍ന്ന് അവള്‍ ഒരു പിച്ചി നാട്ടുപിടിപ്പിച്ചത് .ഇളയ കുട്ടിയായത് കൊണ്ട് തന്നെ ഒരുപാട് ലാളന അനുഭവിച്ചു വളര്‍ന്നു .വിവാഹത്തോടെ എല്ലാം അവസാനിക്കുകയായിരുന്നു എന്നവള്‍ അറിഞ്ഞില്ല.അവളുടെ ഗവണ്മെന്റ് ജോബ്‌ എന്ന സ്വപ്നവും തുടര്‍ പഠനവും സ്വപ്നങ്ങളും എല്ലാം തകര്‍ന്നടിഞ്ഞത് അന്നാണ് .താലി അതൊരു തടവറയാണ് പെണ്ണിന്‍റെ സ്വപ്നങ്ങല്‍ക്കുമേല്‍ ആരൊക്കെയോ ചേര്‍ന്ന് പൂട്ടുന്ന മണിച്ചിത്രതാഴ്.വീട്ടില്‍ നിന്ന് മാറി നിന്നതിന്‍റെ സങ്കടം മനസിലാക്കാനോ' ഇനി ഞാനില്ലേ 'എന്ന് വെറുതെ പറയാന്‍ പോലും ഭര്‍ത്താവ് ശ്രമിച്ചില്ല,പകരം തന്‍റെ നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ തീര്‍കുബോള്‍ അവള്‍ ഒരു ഭാര്യയുടെ കടമ നിറവേറ്റി.അവിടം തൊട്ട് നിത്യ അവസാനിക്കുകയായിരുന്നു മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം  മറന്നു പോയി .
          കല്യാണത്തിന് 10 ദിവസത്തിന് ശേഷം ഗള്‍ഫിലേക്ക്  മടങ്ങി പോയ ഭര്‍ത്താവ് സമ്മാനമായി കൊടുത്ത കുഞ്ഞിനു വേണ്ടി ആയി ബാക്കി ജീവിതം സ്വന്തം വീട്ടില്‍ ഒന്നു പോകാന്‍ പോലും നിത്യക്ക്‌ ഭയമായിരുന്നു ഒരുപാട് പേരുടെ സമ്മതം വങ്ങേണ്ടിയിരിക്കുന്നു കാര്യവും കാരണവും വിവരിച്ച ശേഷം ഒരു ദിവസം അനുവദിക്കുന്ന പരോള്‍ .ഒരു തൊട്ടാവാടിയില്‍ നിന്നും ഒരു അമ്മയിലെക്കുള്ള വളര്‍ച്ച .നിനക്ക് സുഖമാണോ എന്ന് പ്രിയതമന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല .കൊണ്ടുവന്ന സ്വര്‍ണത്തിന്‍റെ കണക്ക് പറഞ്ഞും കിട്ടിയ ബന്ദത്തിന്റെ പോരായ്മ പറഞ്ഞും കുറ്റപെടുത്തുന്ന ഒരു അമ്മയും.ജീവിതം വളരെ വിരസമായിട്ട് മുന്‍പോട്ട് പോയി .ഒരു വാക്കുകൊണ്ട് പോലും അംഗീകാരം ലഭിക്കാത്ത ഒരു വീട്ടില്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ച് തീര്‍കുന്നു.
              പിന്നെയും പിച്ചി പൂവിന്‍റെ ഗന്ധം അവളെ ആ കൌമാരക്കാരിയിലേക്ക് തിരിച്ച് കൊണ്ട്പോയി വാശിയോടെ പഠിച്ച് നേടിയ ഡിഗ്രി ,പി ജി  .ഒരു രൂപക്ക് വേണ്ടി കൈ നീട്ടേണ്ടി വരുന്നവളുടെ അടുക്കളക്കാരിയുടെ അവസ്ഥ അവളെ ചിന്തിപ്പിച്ചു. എന്തുകൊണ്ട് തിരിച്ച് പോയിക്കൂടാ പഠനത്തിലേക്ക്അവള്‍ അച്ഛനെ വിളിച്ചു പഠിക്കാനുള്ള പുസ്തകങ്ങള്‍ ആരും അറിയാതെ വീട്ടില്‍ കൊണ്ട് വന്നു അടുക്കളയിലെ ഒഴിവുസമയങ്ങളിലും രാത്രിയുടെ ശൂന്യതയിലും അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു .അങ്ങനെ  സിവില്‍ സര്‍വീസ് എന്ന കടമ്പ കടന്നു .എന്നിട്ടും സ്വന്തം ഭര്‍ത്താവിനെയും വീട്ടുകാരേയും അവള്‍ ഉപേക്ഷിച്ചില്ല .ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി അവളെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടാതെ അയാള്‍ ഇരുന്നു .ഒന്നും സംഭവിക്കാത്തത് പോലെ അവള്‍ ചായയുമായി അടുത്തേക്ക് ചെന്നു ,ചായ കൊടുത്ത് തിരിഞ്ഞു നടന്ന അവളുടെ തോളില്‍ അയാള്‍ മെല്ലെ സ്പര്‍ശിച്ചു ജീവിതത്തില്‍ ആദ്യമായി സ്നേഹത്തോടെ... അതിലേറെ സംരക്ഷണം ആ സ്പര്‍ശത്തില്‍ ഉണ്ടായിരുന്നു .അയാള്‍ പറഞ്ഞു' എനിക്ക് മാപ്പ് തരണം അടുക്കളയിലെ നാലു ചുവരുകളില്‍ നിന്നെ തളച്ചതിന് നിന്നെ അറിയാതെ പോയതിന് എന്നിലെ അഹങ്കാരിയായ പുരുഷന് നീ മാപ്പ് തരണം'.നിത്യയുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ അയാളുടെ പാപത്തെ കഴുകി കളഞ്ഞു .
   അതെ സ്ത്രീക്ക് മാത്രമേ ക്ഷമിക്കാന്‍ കഴിയൂ തന്നെ ഇല്ലാതാക്കുന്ന ഭര്‍ത്താവിനു വേണ്ടി പോലും അവള്‍ പ്രാര്‍ത്ഥിക്കും .സുമംഗലി ആയി തന്നെ മരിക്കാന്‍ കഴിയുന്നത് സ്ത്രീയുടെ  ഏറ്റവും വലിയ പുണ്യമാണല്ലോ .