Saturday 13 August 2016

   അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.മാസത്തില്‍ രണ്ടു പ്രാവശ്യം മാത്രം പരോള്‍ അനുവദിച്ചിട്ടുള്ള കോളേജ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര.ഏറ്റുമാനൂരില്‍ നിന്നും 5pm നുള്ള പത്തനംതിട്ട ബസ്‌ നോക്കി നില്‍കുമ്പോള്‍ മനസ്സില്‍ ജനല്‍ സൈഡിലെ സീറ്റ്‌ കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നു.ബസ്‌ വന്നു ജനല്‍ സൈഡ് പോയിട്ട് ഒരു സീറ്റ്‌ പോലുമില്ല .ഞാന്‍ ഒന്നുകൂടി ബസിന്‍റെ സീറ്റുകളില്‍ പരതി ഇല്ല,എറണാകുളത്തുനിന്നും  വരുന്ന ബസ്‌ ആയതുകൊണ്ടുതന്നെ എല്ലാവരും നീണ്ടു നിവര്‍ന്നു കിടന്ന് ഉറക്കം.തോളില്‍ കിടക്കുന്ന ബാഗ്‌ എന്നെ പിറകിലേക്ക് വലിക്കുന്ന പോലെ ,വെള്ളിയാഴ്ച്ചകളിലെ പതിവ് തിരക്കുകളില്‍ പെട്ട് ബസ്‌ നിരങ്ങി നീങ്ങി.പെട്ടെന്ന്‍ ബസില്‍ കുറേ ആളുകള്‍ കൂടി കയറി ആകെ തിരക്ക്.കഴുത്തില്‍ ഓര്‍മ്മ വെക്കും മുന്‍പേ അമ്മ കെട്ടിത്തന്ന ഏലസ്സ് മുറുകെ പിടിച്ച് ഞാനറിയാതെ പ്രാര്‍ത്ഥിച്ചു' ദൈവമേ ...കാത്തോളണേ'.ബസ്‌ കോട്ടയം എത്തിയപ്പോഴേക്ക് സന്ധ്യയായി.ബസ്‌ സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയപ്പോള്‍ ഒഴിഞ്ഞു കിട്ടിയ സീറ്റില്‍ ആവേശത്തോടെ ഞാന്‍ കയറിയിരുന്നു.ജനലരികല്ല  നടുക്കാണ് സീറ്റ്‌ .അപ്പുറത്തിരിക്കുന്ന ആട്യത്തമുള്ള സ്ത്രീ എന്‍റെ ശ്രദ്ധയില്‍ പെട്ടു.ജനല്‍ സൈഡില്‍ ചാരി കിടന്നുറങ്ങുന്ന കുട്ടിയെ അസൂയയോടെ ഒന്നു നോക്കി .പുള്ളിക്കാരി നല്ല ഉറക്കമാണ് ,ചെവിയില്‍ തിരുകിയ ഹെഡ്സെറ്റും .ബാഗ്‌ മടിയില്‍ വെച്ച് ഞാന്‍ ചാരി കിടന്നു സന്ധ്യ മയങ്ങിയിരിക്കുന്നു.പുറത്ത് തെരുവുവിളക്കുകള്‍,വര്‍ണാഭമായ ഡിസൈനുകള്‍ തീരത്ത് ചില കടകളും,തണുത്ത കാറ്റ് എന്‍റെ മിഴികളെ തഴുകുന്ന പോലെ ,ഞാനും അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു.യാത്രാ ക്ഷീണവും തളര്‍ച്ചയും കാരണം സത്യത്തില്‍ പരിസരം പോലും മറന്നുപോയി എന്നുതന്നെ പറയാം.
       അപ്പോഴാണ് ഒരു ബഹളം എല്ലാവരും ഞങ്ങളുടെ സീറ്റിലേക്ക് ഉറ്റുനോക്കുന്നു.എന്താ സംഭവിക്കുന്നെ എന്നറിയാതെ ഞാന്‍ പകച്ചുപോയി.എന്‍റെ അടുത്തിരിക്കുന്ന സ്ത്രീയാണ് ബഹളമുണ്ടാക്കിയത്.അവര്‍ വിളിച്ചു പറഞ്ഞു 'അവനെ വെറുതെ വിടരുത് ,അവന്‍ എന്നെ ...
'അയാള്‍ എന്താ ചെയ്തേ?' പിറകിലെ സീറ്റില്‍ നിന്നുമാണ് ചോദ്യം .ട്രാഫിക്കില്‍ പെട്ട് പതുക്കെ നീങ്ങിയ ബസില്‍ നിന്നും ഒരാള്‍ ചാടിയിറങ്ങി.പിടിക്കാനായി ആരൊക്കെയോ ശ്രമിച്ചുവെങ്കിലും അയാളോടി രക്ഷപെട്ടു.ഇതുവരെ ഒന്നിലും ഇടപെടാതിരുന്ന കണ്ടക്ടര്‍ ഓടിവന്നാതപ്പോഴാണ് .അവര്‍ ചുറ്റും കൂടിയവരോട്‌ സാഹചര്യം വിവരിക്കുകയാണ്  'വൃത്തികെട്ടവന്‍ ,ഞാന്‍ CMS കോളേജിലെ പ്രൊഫസര്‍ ആണ് നാലഞ്ചു വര്‍ഷമായി ഈ റൂട്ടില്‍ യാത്ര ചെയുന്നു.ആദ്യമായിട്ടാണ് ഇത് ..എന്നോട് ഇത്ര വൃത്തികെട്ട രീതിയില്‍ പെരുമാറിയ ഇവന്‍ ഈ കോച്ചാണ് ഇവിടെ ഇരുന്നിരുന്നതെങ്കിലോ?' .ഞാന്‍ ആകെ വല്ലാതെയായി .ദൈവമേ! ഭൂമി പിളര്‍ന്ന് അതിലേക്ക് താഴ്ന്നു പോയിരുന്നെങ്കില്‍ . അന്‍പത് കഴിഞ്ഞവരെ പോലും വെറുതെ വിടാത്ത  ഈ ലോകം ഒന്നു കത്തി തീര്‍ന്നിരുന്നെങ്കില്‍ ...എന്‍റെ ഭ്രാന്തന്‍ മനസ്സ് കാട് കയറി.കണ്ടക്ടര്‍ പതുക്കെ പറഞ്ഞു 'അയാളൊരു SI ആണ് '.അപ്പോഴാണ് അയാളുടെ തണുത്ത പ്രതികരണത്തിന്‍റെ പിന്നിലെ കാര്യം മനസിലായത്.ഒരുനിമിഷം ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ എന്ത് ചെയ്തേനേം എന്നോര്‍ത്തു,ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ ഇവരുടെയൊക്കെ ചോദ്യങ്ങള്‍ക്കുമുന്പില്‍ പൊട്ടിക്കരയുന്ന എന്‍റെ മുഖം ...എന്‍റെ കണ്ണുകള്‍ പേടികൊണ്ടും സങ്കടം കൊണ്ടും നിരഞ്ഞുതുളുംമ്പി.ഒരു SI ഇങ്ങനെ ആയാല്‍ സാധാരണക്കാരെ ആരാണു സംരക്ഷിക്കുക .ആരോടാണ് ഞങ്ങള്‍ പരാതി പറയേണ്ടത്.ദൈവമേ ഇത് എന്തൊരു നാടാണ്‌.അവര്‍ കണ്ടക്ടറുടെ കൈയ്യില്‍ നിന്നും അയാളുടെ വിവരങ്ങള്‍ വാങ്ങി .'ഞാന്‍ അവനെ ഒരു പാഠം പഠിപ്പിക്കും,എന്‍റെ സഹോദരന്‍ CI ആണ് 'അവര്‍ അങ്ങനെ പറയുന്നുണ്ടായിരുന്നു .കുറേ നേരത്തെ ചര്‍ച്ചകള്‍ക്കും ബഹളങ്ങള്‍ക്കും ഒടുവില്‍ ബസ്‌ വീണ്ടും ശാന്തമായി .അതിന്‍റെ അവസാനം എന്തായി എന്ന് എനിക്കറിയില്ല.പക്ഷെ , അതില്‍ പിന്നെ ഒരു ബസ്‌ യാത്രയിലും ഞാന്‍ ഉറങ്ങിയിട്ടില്ല.
     ഒന്നു മയങ്ങിയാല്‍ കൊത്തിവലിക്കാന്‍ പാകത്തിന് ചുറ്റുമുള്ള കഴുകന്‍ കണ്ണുകളെ ഞാന്‍ ഇന്നും ഭയപ്പെടുന്നു.