Saturday, 13 August 2016

   അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.മാസത്തില്‍ രണ്ടു പ്രാവശ്യം മാത്രം പരോള്‍ അനുവദിച്ചിട്ടുള്ള കോളേജ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര.ഏറ്റുമാനൂരില്‍ നിന്നും 5pm നുള്ള പത്തനംതിട്ട ബസ്‌ നോക്കി നില്‍കുമ്പോള്‍ മനസ്സില്‍ ജനല്‍ സൈഡിലെ സീറ്റ്‌ കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നു.ബസ്‌ വന്നു ജനല്‍ സൈഡ് പോയിട്ട് ഒരു സീറ്റ്‌ പോലുമില്ല .ഞാന്‍ ഒന്നുകൂടി ബസിന്‍റെ സീറ്റുകളില്‍ പരതി ഇല്ല,എറണാകുളത്തുനിന്നും  വരുന്ന ബസ്‌ ആയതുകൊണ്ടുതന്നെ എല്ലാവരും നീണ്ടു നിവര്‍ന്നു കിടന്ന് ഉറക്കം.തോളില്‍ കിടക്കുന്ന ബാഗ്‌ എന്നെ പിറകിലേക്ക് വലിക്കുന്ന പോലെ ,വെള്ളിയാഴ്ച്ചകളിലെ പതിവ് തിരക്കുകളില്‍ പെട്ട് ബസ്‌ നിരങ്ങി നീങ്ങി.പെട്ടെന്ന്‍ ബസില്‍ കുറേ ആളുകള്‍ കൂടി കയറി ആകെ തിരക്ക്.കഴുത്തില്‍ ഓര്‍മ്മ വെക്കും മുന്‍പേ അമ്മ കെട്ടിത്തന്ന ഏലസ്സ് മുറുകെ പിടിച്ച് ഞാനറിയാതെ പ്രാര്‍ത്ഥിച്ചു' ദൈവമേ ...കാത്തോളണേ'.ബസ്‌ കോട്ടയം എത്തിയപ്പോഴേക്ക് സന്ധ്യയായി.ബസ്‌ സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയപ്പോള്‍ ഒഴിഞ്ഞു കിട്ടിയ സീറ്റില്‍ ആവേശത്തോടെ ഞാന്‍ കയറിയിരുന്നു.ജനലരികല്ല  നടുക്കാണ് സീറ്റ്‌ .അപ്പുറത്തിരിക്കുന്ന ആട്യത്തമുള്ള സ്ത്രീ എന്‍റെ ശ്രദ്ധയില്‍ പെട്ടു.ജനല്‍ സൈഡില്‍ ചാരി കിടന്നുറങ്ങുന്ന കുട്ടിയെ അസൂയയോടെ ഒന്നു നോക്കി .പുള്ളിക്കാരി നല്ല ഉറക്കമാണ് ,ചെവിയില്‍ തിരുകിയ ഹെഡ്സെറ്റും .ബാഗ്‌ മടിയില്‍ വെച്ച് ഞാന്‍ ചാരി കിടന്നു സന്ധ്യ മയങ്ങിയിരിക്കുന്നു.പുറത്ത് തെരുവുവിളക്കുകള്‍,വര്‍ണാഭമായ ഡിസൈനുകള്‍ തീരത്ത് ചില കടകളും,തണുത്ത കാറ്റ് എന്‍റെ മിഴികളെ തഴുകുന്ന പോലെ ,ഞാനും അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു.യാത്രാ ക്ഷീണവും തളര്‍ച്ചയും കാരണം സത്യത്തില്‍ പരിസരം പോലും മറന്നുപോയി എന്നുതന്നെ പറയാം.
       അപ്പോഴാണ് ഒരു ബഹളം എല്ലാവരും ഞങ്ങളുടെ സീറ്റിലേക്ക് ഉറ്റുനോക്കുന്നു.എന്താ സംഭവിക്കുന്നെ എന്നറിയാതെ ഞാന്‍ പകച്ചുപോയി.എന്‍റെ അടുത്തിരിക്കുന്ന സ്ത്രീയാണ് ബഹളമുണ്ടാക്കിയത്.അവര്‍ വിളിച്ചു പറഞ്ഞു 'അവനെ വെറുതെ വിടരുത് ,അവന്‍ എന്നെ ...
'അയാള്‍ എന്താ ചെയ്തേ?' പിറകിലെ സീറ്റില്‍ നിന്നുമാണ് ചോദ്യം .ട്രാഫിക്കില്‍ പെട്ട് പതുക്കെ നീങ്ങിയ ബസില്‍ നിന്നും ഒരാള്‍ ചാടിയിറങ്ങി.പിടിക്കാനായി ആരൊക്കെയോ ശ്രമിച്ചുവെങ്കിലും അയാളോടി രക്ഷപെട്ടു.ഇതുവരെ ഒന്നിലും ഇടപെടാതിരുന്ന കണ്ടക്ടര്‍ ഓടിവന്നാതപ്പോഴാണ് .അവര്‍ ചുറ്റും കൂടിയവരോട്‌ സാഹചര്യം വിവരിക്കുകയാണ്  'വൃത്തികെട്ടവന്‍ ,ഞാന്‍ CMS കോളേജിലെ പ്രൊഫസര്‍ ആണ് നാലഞ്ചു വര്‍ഷമായി ഈ റൂട്ടില്‍ യാത്ര ചെയുന്നു.ആദ്യമായിട്ടാണ് ഇത് ..എന്നോട് ഇത്ര വൃത്തികെട്ട രീതിയില്‍ പെരുമാറിയ ഇവന്‍ ഈ കോച്ചാണ് ഇവിടെ ഇരുന്നിരുന്നതെങ്കിലോ?' .ഞാന്‍ ആകെ വല്ലാതെയായി .ദൈവമേ! ഭൂമി പിളര്‍ന്ന് അതിലേക്ക് താഴ്ന്നു പോയിരുന്നെങ്കില്‍ . അന്‍പത് കഴിഞ്ഞവരെ പോലും വെറുതെ വിടാത്ത  ഈ ലോകം ഒന്നു കത്തി തീര്‍ന്നിരുന്നെങ്കില്‍ ...എന്‍റെ ഭ്രാന്തന്‍ മനസ്സ് കാട് കയറി.കണ്ടക്ടര്‍ പതുക്കെ പറഞ്ഞു 'അയാളൊരു SI ആണ് '.അപ്പോഴാണ് അയാളുടെ തണുത്ത പ്രതികരണത്തിന്‍റെ പിന്നിലെ കാര്യം മനസിലായത്.ഒരുനിമിഷം ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ എന്ത് ചെയ്തേനേം എന്നോര്‍ത്തു,ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ ഇവരുടെയൊക്കെ ചോദ്യങ്ങള്‍ക്കുമുന്പില്‍ പൊട്ടിക്കരയുന്ന എന്‍റെ മുഖം ...എന്‍റെ കണ്ണുകള്‍ പേടികൊണ്ടും സങ്കടം കൊണ്ടും നിരഞ്ഞുതുളുംമ്പി.ഒരു SI ഇങ്ങനെ ആയാല്‍ സാധാരണക്കാരെ ആരാണു സംരക്ഷിക്കുക .ആരോടാണ് ഞങ്ങള്‍ പരാതി പറയേണ്ടത്.ദൈവമേ ഇത് എന്തൊരു നാടാണ്‌.അവര്‍ കണ്ടക്ടറുടെ കൈയ്യില്‍ നിന്നും അയാളുടെ വിവരങ്ങള്‍ വാങ്ങി .'ഞാന്‍ അവനെ ഒരു പാഠം പഠിപ്പിക്കും,എന്‍റെ സഹോദരന്‍ CI ആണ് 'അവര്‍ അങ്ങനെ പറയുന്നുണ്ടായിരുന്നു .കുറേ നേരത്തെ ചര്‍ച്ചകള്‍ക്കും ബഹളങ്ങള്‍ക്കും ഒടുവില്‍ ബസ്‌ വീണ്ടും ശാന്തമായി .അതിന്‍റെ അവസാനം എന്തായി എന്ന് എനിക്കറിയില്ല.പക്ഷെ , അതില്‍ പിന്നെ ഒരു ബസ്‌ യാത്രയിലും ഞാന്‍ ഉറങ്ങിയിട്ടില്ല.
     ഒന്നു മയങ്ങിയാല്‍ കൊത്തിവലിക്കാന്‍ പാകത്തിന് ചുറ്റുമുള്ള കഴുകന്‍ കണ്ണുകളെ ഞാന്‍ ഇന്നും ഭയപ്പെടുന്നു.

Saturday, 6 August 2016

എന്‍റെ അമ്മക്ക്

പ്രിയപ്പെട്ട അമ്മക്ക് ,
   ഓരോ ദിവസവും തുടങ്ങുന്നത് ഞാന്‍ അമ്മയെ കണ്ടോണ്ടാണ് .അങ്ങനെ യുള്ള അമ്മക്ക് ഞാന്‍ എന്ത് എഴുതാനാണന്ന്  വിചാരിക്കുന്നുണ്ടാകും .എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നെനിക്കറിയില്ല . .അമ്മ  ഓര്‍ക്കുന്നുണ്ടോ പഴയ കുഞ്ഞാവയെ .അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നടന്ന ആ പിടിവാശിക്കാരിയെ.ഒരു ദിവസം പോലും അമ്മയില്‍ നിന്ന്‍ മാറിനില്‍ക്കാത്ത  കുഞ്ഞുമകളെ  .സ്കൂളില്‍ നിന്നും കല പിലാ ചിരിച്ച്കൊണ്ട് വീട്ടിലേക്ക് വണ്ടികള്‍ പോലും നോക്കാതെ ഓടിവരുന്ന ആ കുഞ്ഞു കാന്താരിയെ .എനിക്കറിയാം  ആരു മറന്നാലും എന്‍റെ ഒരോ ചലനങ്ങളും അമ്മ മറക്കില്ലെന്ന്‍.
          അമ്മയ്ക്കറിയുമോ ഞാന്‍ എപ്പോഴാണ്‌ അമ്മയുടെ കൈവിരലുകള്‍ തട്ടിമാറ്റി മുന്‍പോട്ട് പോയതെന്ന്‍.എവിടെയാണ് ഞാന്‍ അമ്മയില്‍നിന്നകന്നത് എന്ന്. അതെ കോളേജ് ജീവിതം ,ജീവിതത്തില്‍  അമ്മ എന്ന സുഹൃത്തിനെക്കാളും വലിയ ബന്ധങ്ങള്‍ ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങിയത് അവിടെനിന്നാണ് .ഒറ്റയ്ക്ക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയതും അവിടെ നിന്നാണ്.
   അതെ  അമ്മയ്ക്കുമനസിലാകില്ല ! എന്‍റെ സ്ഥിരം പല്ലവി .ഒരു ദിവസം പോലും ഞാന്‍ കറികള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല .എനിക്ക്  ഒത്തിരി സ്നേഹമാണെന്ന് പറയാന്‍ പോലും ഞാന്‍ മറന്നു പോയി ..എവിടെയാണോ ഞാന്‍ അകന്നത് അവിടെയാണ് എനിക്ക് പിഴച്ചത് .കൂടുതല്‍ കൂടുതല്‍ നമ്മള്‍ അകലുകയായിരുന്നു ..മുന്‍പില്‍ ഇരുന്ന്‍ ഒന്നു പൊട്ടിക്കരയാന്‍ പോലും ധൈര്യമില്ലാത്ത അത്ര ദൂരത്തേക്ക് .
       അമ്മയുടെ മോള്‍ എങ്ങും എത്തിയില്ല .അമ്മയുടെ പ്രതീക്ഷ എല്ലാം വെറുതെ ആയി .ഒരു ഫയല്‍ നിറയെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ വേറെ ഒന്നും ഞാന്‍ തിരികെ തന്നില്ല.സ്വയം പരാജയം ആണെന്ന്‍ ബോധ്യമുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിപ്പിച്ച നാവുകൊണ്ട് ഞാന്‍ വേദനിപ്പിച്ചിട്ടെയുള്ളൂ .അമ്മക്കറിയുമോ ഈ നാലുചുമരുകള്‍ക്കുള്ളില്‍  ഞാന്‍ കരഞ്ഞു തീര്‍ത്ത ദിവസങ്ങളെ പറ്റി .പരാജയത്തിന്‍റെ ഒരോ പടവും ഇറങ്ങി ഞാന്‍ താഴെ എത്തുമ്പോള്‍  ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം ഒളിപ്പിച്ചു.അതെ അമ്മ പറയുന്ന പോലെ 'എനിക്ക് എന്‍റെ ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ല, ജോലി ചെയ്യാതെ ഇങ്ങനെ ജീവിച്ചു തീര്‍ക്കാമല്ലോ' .അമ്മക്കറിയുമോ ഇപ്പോഴും സാഹചര്യങ്ങളോട് പൊരുത്തപ്പെടാതെ ആകുഞ്ഞുമോള്‍ എന്‍റെ മനസ്സില്‍ കരഞ്ഞു പിന്തിരിഞ്ഞു നില്‍ക്കുന്നത് .ഈ വീട്ടില്‍ നിന്ന് പോകാന്‍ ഭയമുള്ള ഒരു കുഞ്ഞ് എന്‍റെ ഉള്ളില്‍ ഇപ്പോഴും ഉണ്ടെന്നു പറഞ്ഞാല്‍ അമ്മ വിശ്വസിക്കുമോ ?
          എന്‍റെ ഈ ജീവിതം ഏതോ കുറച്ച് ഗുളികകളില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് ഞാന്‍ പറഞ്ഞാല്‍ എന്‍റെ അമ്മ എനിക്ക് മാപ്പ് തരുമോ ?അപ്പോഴും അമ്മപോലും അറിയാതെ എന്നെ തിരികെ വിളിച്ച അമ്മയുടെ ആ ദയനീയ നോട്ടം ...ഞാന്‍  ആ മുഖത്ത് നോക്കി എങ്ങനെ പറയും .ഈ ജന്മം എന്‍റെ അമ്മയ്ക്കുള്ളതാണ് ജന്മം തന്നതിനും വളര്‍ത്തിയതിനും പകരം ഞാനൊരു തീരാ വ്യഥ ആകില്ല.ഇനിയും എത്ര ദൂരം ഞാന്‍ നടക്കേണ്ടി വന്നാലും എവിടെയൊക്കെ തളര്‍ന്നു വീണാലും നിരങ്ങി നീങ്ങേണ്ടി വന്നാലും ദൈവം തന്ന ഈ ജീവിതവും  എന്‍റെ ഈ കുഞ്ഞു കുടുംബവും വിട്ട് മറ്റൊരു ലോകത്തേക്ക് അറിഞ്ഞു കൊണ്ട്  എനിക്ക് പോകേണ്ട .
        എന്നെ ക്ഷമിക്കാന്‍ പഠിപ്പിച്ചത് എന്‍റെ അമ്മയാണ്.എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും പിന്നെയും സ്നേഹിക്കാന്‍ പഠിപ്പിച്ചതും അമ്മയാണ്  .ദൈവത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയതും അമ്മയാണ് .ഈ ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും എന്‍റെ അമ്മയെയാണ്  .എന്‍റെ ജീവിതത്തിലെ എല്ലാ നന്മകളും അമ്മയുടെ ദാനമാണ്.ആ കണ്ണുനീരിനു മുന്‍പിലാണ് ഞാന്‍ തോറ്റു പോകുന്നതും .ഇനി ഒരു ജന്മം ഉണ്ടെങ്കിലും എനിക്ക്അമ്മയുടെ മകള്‍ ആയാല്‍ മതി . ആ കൈവിരലുകള്‍ പിടിച്ച് എനിക്കിനിയും ജന്മങ്ങള്‍ നടക്കണം .ആ കണ്ണുകളിലൂടെ വാക്കിലൂടെ ലോകം പിന്നെയും കണ്ട് തുടങ്ങണം .ഞാന്‍ വൈകിയാല്‍ പടിവാതിലില്‍ കാത്തുനില്‍ക്കാനും തെറ്റ് ചെയ്യുമ്പോള്‍ ശാസിക്കാനും അമ്മ എന്‍റെ കൂടെ എന്നും ഉണ്ടാകണം .എനിക്കറിയാം നൂറു  ജന്മംമതിയാകില്ല ഈ കടങ്ങള്‍ വീട്ടിതീര്‍ക്കാന്‍  .
       ഒരു  ദിവസം ഞാന്‍ അമ്മ ആഗ്രഹിക്കുന്ന മകള്‍ ആകും .എത്ര പതുക്കെ നടന്നാലും ഞാന്‍ അവിടെ എത്തും..അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കണം ..
              എന്ന് അമ്മയുടെ എത്രയും പ്രിയപ്പെട്ട കുഞ്ഞാവ

Wednesday, 6 July 2016

മോക്ഷത്തിലേക്ക്...

ജീവിതം ഒരു യാത്രയാണ്‌ -
അവിടെ ഓരോ കണ്ണുനീര്‍ത്തുള്ളിക്കും  പറയാനുണ്ടാകും പലതും
ഒരോ മണല്‍ത്തരിയും പറയും നൂറു കഥകള്‍ ...
പിന്‍വിളിക്ക് കാതു കൊടുക്കാതെ മുന്‍പോട്ട് പോകുക
നടപ്പാതയില്‍ വിശ്രമിച്ച്‌  -
വഴിയോരക്കാഴ്ചകള്‍ കണ്ട് വീണ്ടും മുന്‍പോട്ട്
പുതിയ മുഖങ്ങള്‍  പുതിയ കാഴ്ചകള്‍ ...
ദൂരെ നിന്ന്‍ കാണാനും ആസ്വദിക്കാനും മാത്രമുള്ളവ.
ഒരു വട്ടം കാണാന്‍ മാത്രം വിധിക്കപെട്ടവ..
കഥകളില്‍ പെട്ടുപോകരുത് തിരിഞ്ഞു നോക്കാതെ മുന്‍പോട്ട് പോകൂ..
ഒരു ആയുഷ്കാലം കൊണ്ട് കണ്ടുതീര്‍കേണ്ടിയിരിക്കുന്നു എല്ലാം .
ഓര്‍മ്മകളുടെ വിഴുപ്പ് ഒറ്റക്ക് ചുമക്കേണം ..
വഴിയാത്രക്കാര്‍ കുശലം പറഞ്ഞു കടന്നു പോകും .
ഭാണ്ടത്തിന്‍റെ കനം നാള്‍ക്കുനാള്‍ കൂടും ...
ഒടുവില്‍ കുഴഞ്ഞു വീഴും മോക്ഷത്തിലേക്ക്...Wednesday, 29 June 2016

വന്മരം

നമുക്ക് ചുറ്റും ചില വന്മരങ്ങള്‍ കാണാം..
അവ അങ്ങനെ പടര്‍ന്നു പന്തലിച്ച് മറ്റുള്ളവര്‍ക്ക് തണലാകും
വെയിലില്‍ വാടാതെ മഴയില്‍ കടപുഴകാതെ അവര്‍ താങ്ങി നിര്‍ത്തും -
ഒരു പറ്റം ജീവിതങ്ങള്‍ .
ആ മരത്തണലില്‍ പലരും ജീവിതം പടുത്തുയര്‍ത്തും
ഒടുവില്‍ ജരാനര ബാദിച്ചു കടപുഴകുമ്പോള്‍-
താങ്ങി നിര്‍ത്താന്‍ ഒരു കണ്ണുനീര്‍ തുള്ളിയുടെ സ്മൃതി
പോലും കാണില്ല .
പുതിയ മരത്തണലിനു വേണ്ടിയുള്ള  പരക്കം പാച്ചിലില്‍ ആകും എല്ലാവരും.

മഴക്കാലം

പാതി തുറന്ന ജനല്‍ പാളിയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി....പുറത്ത് മഴയാണ്.ജനലില്‍ തട്ടി തെറിച്ചു പോകുന്ന മഴ തുള്ളികള്‍ക്ക് എന്തൊക്കെയോ പറയാനുള്ളത് പോലെ
      മഴ ഒരു ഓര്‍മയാണ്...കാലത്തിന്‍റെ മല വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയ ഒരു നല്ല കാലത്തിന്‍റെ നനുത്ത ഓര്‍മ.... തേനൂറുന്ന മാമ്പഴകാലത്തില്‍  നിന്ന് പുതിയ ഒരു അധ്യയന വര്‍ഷത്തിലേക്കുള്ള യാത്ര .മഴ കൂട്ടികൊണ്ട് പോയത് അങ്ങനെ ഒരു അവധി കാലത്തേക്കാണ്...
          അമ്മയുടെ വീട്ടിലെ അവധിക്കാലം 'മാമ്പഴക്കാലം ' എന്നു പറയുന്നത് ആകും കൂടുതല്‍ ശരി...കത്തുന്ന സൂര്യനെ പോലും വക വെക്കാതെ പാടത്തും തൊടിയിലും കളിച്ചു നടന്ന കുട്ടിക്കാലം ...മഴയില്‍ പൊഴിയുന്ന മാങ്ങ പെറുക്കുവാന്‍ മത്സരിച്ച് ഓടുമ്പോള്‍  ജലദോഷത്തെ പറ്റി ആരും വേവലാതി പെട്ടിട്ടില്ല .
           രാവിലെ അമ്മു വിന്‍റെ വിളി കേട്ടാണ് ഉണര്‍ന്നത് അവള്‍ക്ക് ഒരു ഉപ്പന്‍ കുഞ്ഞിനെ കിട്ടിയിരിക്കുന്നു ..അമ്മുവും ആശയും ഞാനും കൂടി അതിനെ പരിപാലിക്കാന്‍ തുടങ്ങി ..വീട്ടില്‍ ജീവികള്‍ക്ക് ഭ്രഷ്ട് ആയത്കൊണ്ട് ഞങ്ങള്‍ വീടുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു .ഞങ്ങളുടെ നിഷ്കളങ്കമായ ലാളനം അതിനെ വേദനിപ്പിച്ചിട്ടുണ്ടാകാം...എന്നാലും ഞങ്ങള്‍ കൊടുത്ത മാമ്പഴവും ചക്കപഴവും അത് ആര്‍ത്തിയോടെ വാ തുറന്നു സ്വീകരിച്ചു.
  ചീനി കമ്പുകള്‍ വെട്ടി മണ്ണില്‍ താഴ്ത്തുമ്പോള്‍  വീട് പണിയുന്ന കുട്ടന്‍ മേസ്ത്രിയേക്കാള്‍  ഗര്‍വുണ്ടായിരുന്നു അമ്മുവിന് .കമ്പുകള്‍ നൂല്‍ കമ്പി കൊണ്ട് കെട്ടി ചണത്തില്‍ ബന്ദിച്ച കുഞ്ഞ് വാതിലും,കച്ചിയും ഇലകളും കൊണ്ട് തീര്‍ത്ത മേല്‍കൂരയും ആയപ്പോള്‍ വീടുപണി കഴിഞ്ഞു .ഉപ്പന്‍ കുഞ്ഞിനെ സ്നേഹത്തോടെ ഞങ്ങള്‍ 'ചിപ്പു' എന്ന് വിളിച്ചു .ഞങ്ങള്‍ ഉണ്ടാക്കിയ വീട്ടിലേക്ക് അതിനെ എടുത്ത് വെക്കുമ്പോള്‍ എന്തോ വലിയ നന്മ ചെയ്ത പ്രതീതി ആയിരുന്നു ഞങ്ങള്‍ക്ക് .പകല്‍ രാത്രിയോട് വിട പറഞ്ഞപ്പോള്‍  ഞങ്ങള്‍ ചിപ്പു വിനെ മറന്നു .പകലത്തെ അധ്വാനത്തിന്‍റെ  ക്ഷീണവും പുറത്തെ മഴയുടെ താളവും ആയപ്പോള്‍ പതിവിലും നേരത്തെ ഉറങ്ങി പോയി .
       നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞങ്ങളുടെ വീട് മഴയില്‍ ഒലിച്ചു പോയിരിക്കുന്നു .പ്രായത്തിന്‍റെ  പക്വത ഇല്ലായ്മയില്‍ ഞങ്ങള്‍ അറിഞ്ഞില്ല ചെയ്ത പാപത്തിന്‍റെ ആഴവും വ്യാപ്തിയും ..മഴയിലും കാറ്റിലും പെട്ട് ചീനിക്കമ്പ് മറിഞ്ഞ് ദേഹത്ത് വീണപ്പോള്‍ തണുത്തു വിറച്ച് ആ പാവം കരഞ്ഞു കാണും ..ഒരു പക്ഷെ ഇടക്ക് വലിഞ്ഞു കയറി വന്ന ഞങ്ങള്‍ ഇല്ലാരുന്നെങ്കില്‍ അതിന്‍റെ അമ്മ തന്നെ അതിനെ കൊണ്ട് പോകുമായിരുന്നിരിക്കാം .
     ചത്തു മലച്ച ആ കുഞ്ഞു ശരീരം ഞങ്ങള്‍ കുഴിച്ചു മൂടി പൂക്കള്‍ വിതറി ...അറിയാതെ ആണെങ്കിലും ചെയ്തു പോയ മഹാപാപത്തിന്‍റെ തീച്ചൂളയില്‍ നിന്നും കുറ്റബോധത്തിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ കവിളുകളെ ഈറനണിയിച്ചു .അങ്ങനെ ഒരു മഴക്കാലം കവര്‍ന്നു കൊണ്ടു പോയ  കുഞ്ഞു ജീവന്‍ ഒരു പിടച്ചിലായി മനസ്സില്‍ ഒരു മഴത്തുള്ളി പോലെ ഇന്നും അവശേഷിക്കുന്നു .

Saturday, 28 May 2016

എന്‍റെ ലോകം

ഈ ജീവിതം കൊണ്ട് നാം എന്താണ് നേടുന്നത് ..
പദവി പണം സൌഭാഗ്യങ്ങള്‍ .
ഇതില്‍ എന്താണ് ഏറ്റവും ശ്രേഷ്ടമായത്
അതെ ഞാന്‍ ദരിദ്രയാണ് ഇവയിലൊന്നും ഞാന്‍ നേടിയിട്ടില്ല ..
പക്ഷെ ഞാന്‍ വിശ്വസിക്കുന്നു സ്നേഹിക്കാനും സ്നേഹിക്കപെടാനും കഴിയുന്നതാണ് ഏറ്റവും വലുതെന്ന്‍...
മറ്റുള്ളവരുടെ  മുഖത്ത് ഒരു പുഞ്ചിരി ആകാന്‍ കഴിയുന്നതാണ് ഏറ്റവും മഹത്വമെന്ന്..
നടന്നുപോകുന്ന വഴിയിലെ മണല്‍ തരിയെയും വേദനിപ്പിക്കാതിരിക്കുക ..
അവക്കും കാണും അനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നും വഴിവക്കില്‍ എത്തപെട്ടത് വരെയുള്ള നോവുന്ന കഥകള്‍ ...
ഒരു കൈത്താങ്ങില്‍ ഒരു പുഞ്ചിരിയില്‍ ഒരു പ്രാര്‍ത്ഥനയില്‍ നമുക്ക് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താം...
എനിക്ക് ചുറ്റുമുള്ള ലോകം സമ്പന്നമാണ് സ്നേഹം കൊണ്ട്..
ഒന്ന്‍ നൂറായി മടക്കി തരുന്ന ഈ കുഞ്ഞു ലോകം ..
മുന്‍പോട്ട് പോയാലും ഞാന്‍ കൊതിക്കുന്നു എന്നും നെഞ്ചോട് ചേര്‍ക്കാന്‍...
എനിക്ക് സമ്മാനിച്ച കണ്ണുനീരില്‍ കുതിര്‍ന്ന പുഞ്ചിരിക്ക് ഒരായിരം നന്ദി ...


വെറുതെ...

മഴ പെയ്യുകയാണ്..മനസും പെയ്ത് തോര്‍ന്നിരിക്കുന്നു..
വേനല്‍ ചൂടില്‍ നിന്നും  ഭൂമിയും ജീവിത ചൂടില്‍ നിന്ന് ഞാനും ഒരേ പോലെ ...
കെട്ടിയാടിയ വേഷങ്ങളിലെ പാതി മാഞ്ഞുപോയ  ചിത്രങ്ങള്‍ ...
പാതിവഴിയില്‍ അനുവാദം ചോദിക്കാതെ കടന്നുവന്നവര്‍ 
മനസ്സില്‍ അവര്‍ അറിയാതെ തീര്‍ത്ത വിഗ്രഹങ്ങള്‍ 
പലതും തകര്‍ന്നു വീണിരിക്കുന്നു ...
പുറം മോഡിയില്‍ കൊത്തു പണിയില്‍ മനോഹരമാക്കിയവ..
അറിയും തോറും വികൃതമാകുന്നവ..
ഈ വിഗ്രഹങ്ങള്‍ നമുക്ക് ഒന്നും തന്നെ അല്ലായിരിക്കാം 
പക്ഷെ ഓരോ തകര്‍ച്ചയിലും നാം പഠിക്കും കണ്ണുകളുടെ വഞ്ചന ...
വാക്കുകളുടെ അര്‍ത്ഥമില്ലായ്മ ...

Monday, 2 May 2016

യാത്ര

എനിക്കൊരു യാത്ര പോകണം
ബന്ധങ്ങളുടെ ബന്ദനങ്ങളില്‍ നിന്ന്
ഭൂതകാലത്തിന്‍റെ നൂലാമാലകളില്‍ നിന്ന്
ദൂരേക്ക് ഒരു യാത്ര...

ഭിക്ഷാ പാത്രം കൈയിട്ടു വാരുന്നവരില്‍ നിന്ന്
മാനത്തിന്‍റെ വില പേശല്‍ നടക്കുന്ന തെരുവില്‍ നിന്ന്
സ്നേഹത്തിനു വിലയിടുന്ന ബന്ദങ്ങളില്‍ നിന്ന്

ചിറകുകള്‍ ഉയര്‍ത്തി പറന്നുയരണം
സ്നേഹത്തിന്‍റെ  സ്വര്‍ഗത്തിലേക്ക്
അവിടെ എനിക്കൊരു മാലാഖ ആവണം
കണ്ണില്‍ സ്നേഹവും ചുണ്ടില്‍ പുഞ്ചിരിയുമുള്ള മാലാഖ
ചിറകുകള്‍ക്ക് കീഴെ നന്മയുടെ വര്‍ണങ്ങള്‍ വിരിയിക്കണം ...

Friday, 25 March 2016

ദൈവം  എന്നെ വിളിച്ചാല്‍ നീ ഒരു വട്ടം എങ്കിലും ഇവിടം വരെ വരിക ,,ഒരു കൈ അകലത്തില്‍ അല്‍പനേരം എനിക്കായ് ബാക്കി വെക്കുക ...ചിലപ്പോള്‍ അത് മതിയാകും ഈ ജന്മം പൂര്‍ണമാകാന്‍ ...ആഗ്രഹങ്ങള്‍ ഇല്ലാതെ ഞാന്‍ യാത്രയാകട്ടെ ..

Sunday, 20 March 2016

പെണ്ണ്

ഇവള്‍ പെണ്‍ കുഞ്ഞ് പുരുഷന്‍ തീര്‍ത്ത അവന്‍റെ ലോകത്തില്‍ ക്ഷണിക്കപെടാതെ വന്നവള്‍ ..
ഒരു കൂട്ടം പ്രദീക്ഷകള്‍ക്ക് നടുവില്‍  ഒന്നുമറിയാതെ കടന്നുവന്നപ്പോഴെങ്കിലും-
അച്ഛന്‍റെ ഹൃദയത്തില്‍ ഒരു തീപ്പൊരി ഇട്ടവള്‍...
കൊട്ടി അടക്ക പെട്ട വാതിലുകള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നവള്‍
ഈ ലോകം നിനക്കുള്ളതല്ല എന്ന് പിച്ചവെച്ചപ്പോള്‍ തന്നെ അറിഞ്ഞവള്‍..
എന്തുകൊണ്ട് ഞാന്‍ എന്ന് പലവട്ടം മനസില്‍ ചോദിച്ചിട്ടും പുറമെ സഹിച്ചവള്‍
കാലം വയസ്സറിയിച്ചപ്പോഴും  വന്നു അടിമത്തത്തിന്‍റെ ഒരു ചങ്ങല കൂടി ..
അവള്‍ വളര്‍ന്നിരിക്കുന്നു ഇനി കളി ചിരി ഇല്ലാത്ത ഒതുങ്ങിയ ജീവിതം..
ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്‍ കണ്ണുകള്‍
കൊത്തി പറിക്കാന്‍ വെമ്പുന്ന സമൂഹം ..
ദുഷിക്കനായി മാത്രം എത്തി നോക്കുന്ന പരദൂഷണക്കാര്‍ ..
പ്രണയത്തിന്‍റെ മുഖം മൂടി ഇട്ട കാമ ഭ്രാന്തന്മാര്‍ ..
മനസൊന്നു പതറിയാല്‍ ജീവിതം പിച്ചി ചീന്തും ..
മറ്റുള്ളവരുടെ ചോദ്യങ്ങളില്‍ നീ മാത്രം പ്രതിയാകും
നീ വെറുമൊരു പെണ്ണല്ലേ?
പെണ്ണിന് മാത്രം നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന സമൂഹം ..
അവളെ പൂട്ടാന്‍ മാത്രമായ് ഉണ്ടാക്കിയ ആചാരങ്ങള്‍
എന്തിന് പെണ്ണിന് വേണ്ടി മാത്രം സൃഷ്‌ടിച്ച ചാരിത്രം
അതെ കുഞ്ഞേ ഈ ലോകം നിനക്കുള്ളതല്ല..
നിന്‍റെ ഉയര്‍ച്ചയില്‍ ഭയന്ന ആരോ തീര്‍ത്ത തടവറ ..
ഉയര്‍ന്ന് പറക്കുബോള്‍ ചിറകരിയുന്ന സമൂഹം..
കണ്ണുകളും മനസും കൊട്ടി അടക്കുക തിരിഞ്ഞു നോക്കാതെ പറന്നു പൊകൂ ..നിനക്കായി നീ തീര്‍ക്കുന്ന ലോകത്തിലേക്ക്
Wednesday, 24 February 2016

"നീ ഒരു കളവ് ആയിരുന്നു  എല്ലാം തുറന്നു വെച്ചുന്നു തെറ്റിദ്ധരിപ്പിച്ച്,പലതും ഒളിപ്പിച്ച് പലതിനും വേണ്ടി എന്നെ തള്ളി പറഞ്ഞ പൊറുക്കപെടാത്ത കളവ്"

മുറിവ്

നിദ്ര നിന്നെ പുല്‍കിയിരിക്കാം
എന്‍റെ ഓര്‍മകളുടെ മൂടുപടം ഇല്ലാതെ ..
ഞാന്‍ ഇല്ലാത്ത സ്വപ്നങ്ങളിലൂടെ നീ യാത്ര ചെയ്യുകയായിരിക്കാം
ജീവിതത്തില്‍ ഇനി വരാനുള്ള സൌധത്തിനുവേണ്ടി മനക്കോട്ട കെട്ടി
നിദ്രയില്‍ ആണ്ടു പോയിരിക്കാം ..

എന്നെ ചവിട്ടി പുറത്താക്കിയ വിടവിലൂടെ പലതിനേയും നീ ആനയിച്ചിട്ടുണ്ടാകും..
ഒഴിഞ്ഞു പോയ അപസ്വരത്തെ ഓര്‍ത്ത് ഊറി ചിരിച്ച്...
പൊട്ടി പോയ വീണ കമ്പികള്‍ മൂലയില്‍ വലിച്ചെറിഞ്ഞ്
പുതുമയിലേക്കുള്ള നടത്തം

അതെ നീ പറഞ്ഞതുപോലെ ഓര്‍മ്മകള്‍ ഉണ്ടാകും ..
ഹൃദയത്തില്‍ ആഴത്തിലുണ്ടാക്കിയ മുറിവില്‍ കുത്തിയുള്ള  നീറുന്ന ഓര്‍മ്മകള്‍
നീ ഓര്‍മിക്കപ്പെടും ഒരിക്കലും പൊറുക്കപെടാത്ത ഒരു വേദനയായി ..
കാലം മയിക്കാതെ ...
പഴുത്ത് പൊങ്ങിയ ഒരു വൃണമായി ഓര്‍മിക്കപെടും ..
നിനക്ക് മാപ്പില്ല
എഴു ജന്മവും എഴു കടലും കടന്നാലും ആത്മാവ് പിടക്കും വരെ-
മാപ്പില്ല ...

Monday, 22 February 2016

സുഹൃത്ത്

 ഈ ലോകത്ത് ഇവിടെ ആണെങ്കിലും ഒരു വിളിപ്പാട് അകലെ ഉണ്ടാകും ഞാന്‍
 നിന്‍റെ കൂടെ...
ഒന്നും പ്രതീക്ഷിക്കാതെ എന്‍റെ ജീവിതത്തില്‍ വന്ന ഒരേയൊരു മുഖം...
മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടത് നീ കാരണമാണ് ..
എന്‍റെ സൌഹൃദത്തിന് മറ്റുള്ളതിനെക്കാള്‍ വിലയുണ്ടെന്ന് നീ പറഞ്ഞപ്പോള്‍ സ്നേഹത്തിനു മുന്‍പില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ...
ഒറ്റപെടലുകളില്‍ നീ എന്നെ ചേര്‍ത്തുനിര്‍ത്തി ..
എന്‍റെ പുഞ്ചിരിക്കുപിന്നിലെ കണ്ണുനീര്‍ നീ മാത്രമേ കണ്ടിട്ടുള്ളു...
പിന്‍ തിരിഞ്ഞു നടക്കുബോഴും പിടക്കുന്ന ഒരു ഹൃദയം നിനക്ക് മുന്‍പില്‍ മാത്രം ഞാന്‍ തുറന്നു വെച്ചു ..ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചു പോയ എന്‍റെ ജീവിതം പിടിച്ചു നിര്‍ത്തിയ കൂടെ പിറക്കാതെ പോയ എന്‍റെ സുഹൃത്തിന്...
നീ ഇല്ലായിരുന്നെങ്കില്‍ ഒരു കയറിലോ ബ്ലെയിടിലോ ഒടുങ്ങുമായിരുന്നു ഞാന്‍ .
ഏത് പാതിരാവിലും നിന്നിലേക്ക്‌  തുറന്നു തന്ന ഈ വാതില്‍ മാത്രം മതി എനിക്ക്...ഈ ജീവിതത്തില്‍ കടപ്പാട് എന്നൊന്ന് ഉണ്ടെങ്കില്‍ അത് എനിക്ക് നിന്നോട് മാത്രമായിരിക്കും ...എന്നെ തള്ളി പറഞ്ഞ് പാതി വഴിയില്‍ ഉപേക്ഷിച്ച എല്ലാവര്‍ക്കും നന്ദി ..അറിയാന്‍ കഴിഞ്ഞല്ലോ വൈകി എങ്കിലും സ്വാര്‍ത്ഥത യുടെ മുഖം മൂടിയിട്ട  നിങ്ങളെ ....

Tuesday, 16 February 2016

ഞാന്‍ തിരസ്കരിക്ക പെട്ടിരിക്കുന്നു മരണത്തിനും ജീവിതത്തിനും വേണ്ടാത്ത വിധം ഞാന്‍ അവസാനിക്ക പെട്ടിരിക്കുന്നു ..

Wednesday, 20 January 2016

കാരണം

എല്ലാത്തിനും ഒരു കാരണം വേണം ഒരു പ്രതീക്ഷ  വേണം ..
 പ്രതീക്ഷ  ഇല്ലാത്ത ജീവിതം നൂല് പൊട്ടിയ പട്ടം പോലെയാണ് ..
എവിടെ എങ്കിലും കുരുങ്ങി പോകുന്നു ..
മുന്‍പോട്ടു പോകാന്‍ വയ്യാതെ കെട്ടി വലിയുകയാണ്‌ ജീവിതം ...
ഓര്‍മകളുടെ ഭാരം പിറകിലേക്ക് വിളിക്കുന്നു ...

ഇനി ഇല്ല എന്ന് അറിഞ്ഞിട്ടും ഞന്‍ പുറം തിരിഞ്ഞു നടകുകയാണ് ...
ഒരു പിന്‍ വിളിക്കായി കാതോര്‍ത്ത്..
പോകാത്ത വഴികളിലൂടെ പറയാതെ പോയ വാക്കുകള്‍ക്കായി ഞാന്‍ തിരയുകയാണ് ...
കുറേ ചോദ്യങ്ങള്‍ ബാക്കി വെച്ച് എന്നില്‍ നിന്ന് മറഞ്ഞു പോയ എന്‍റെ ആത്മാവ്..

മൃതി അടഞ്ഞ എന്‍റെ ജീവിതം ഇനി എന്താണ് പ്രതീക്ഷിക്കേണ്ടാത്...
നേടനായും നഷ്ട പെടനായും എനിക്ക് ഒന്നും തന്നെ ഇല്ല ...
നഷ്ടങ്ങള്‍ എല്ലാം എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു ...
പടിയിറങ്ങി പോയത് എന്‍റെ ജീവിതമാണ്‌ ...

ഇന്നോ നാളെയോ ഇത് അവസാനിച്ചേക്കാം...
ദൈവം അത്ഭുതം കാണിച്ചില്ലെങ്കില്‍ ഞാനും നാളെ ഓര്‍മയാണ് കാരണമില്ലാതെ ചുവരില്‍ തൂക്കുന്ന പുഞ്ചിരിക്കുന്ന മുഖം.

Monday, 18 January 2016

മറവി


മറവി ഒരു അനുഗ്രഹമാണ് ചിലര്‍ക് മാത്രം ദൈവം കൊടുക്കുന്ന അനുഗ്രഹം ..
സ്മൃതി ഇല്ലാത്തവര്‍ ഇന്നലകളെ  മറന്ന് നാളയിലെക്ക് കാല് എടുത്ത് വെക്കുന്നു ..
.ഓര്‍മ്മകള്‍ ക്കു വേണ്ടി എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ കടാര കയറ്റി -
എന്‍റെ ചോര തുള്ളികള്‍ ചവിട്ടി മുന്‍പോട്ടു പോയി,..
എന്‍റെ ചൂഴ്ന്ന് എടുത്ത കണ്ണിലെ കണ്ണുനീര്‍ തുള്ളി ഒരു മുത്തു പോലെ നുള്ളി എടുത്തു ...
കയ്യില്‍ എടുത്തപ്പോള്‍ അത് വെറും കല്ല്‌ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു
അത് വലിച്ചെറിഞ്ഞ് പുതിയ തീരങ്ങളിലേക്ക് നടക്കുബോള്‍ നീ ഓര്‍ത്തില്ല കാഴ്ച നഷ്ടപെട്ട എന്നെ പറ്റി...
ഈ ഇരുട്ടില്‍ തപ്പി തടഞ്ഞു പോയ എന്റെ ജീവിതത്തെ പറ്റി...
വാക്കുകള്‍ കൊണ്ട് ഒരു കൊട്ടാരം ഉണ്ടാക്കി അത് അരക്കില്ലം ആക്കി കത്തി തീരുകയാണ് ഞാന്‍ ...
വീണ്ടും പുനര്‍ജനിക്കാന്‍ ...
ഞാന്‍ ഇന്നും ജീവിക്കുന്നു..ഹൃദയം മിടിക്കുന്നുണ്ട്.
.ശ്വാസം നിലച്ചിട്ടില്ല...
എന്നാല്‍ അതിനു അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ല..
ആര്‍കൊക്കെയോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ഈ 'ശവം' ജീവിക്കുന്നു .ആഗ്രഹങ്ങളില്ല പ്രദീക്ഷകളില്ല...
ഒന്ന് ഉറക്കെ കരയാന്‍ പോലും കഴിയാതെ...
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഈ കരിം തിരി കത്തി തീരുകയാണ് ..