Wednesday 12 April 2017

പ്രണയം

    പ്രണയം അതുണ്ടാകാന്‍ ഒരു നിമിഷം മതി എന്നൊക്കെ പറയുന്നത് വെറുതെയാണ്.ഒരു നിമിഷത്തെ പ്രണയത്തിന് ഒരു ചെറിയ തെറ്റ് തന്നെ മതിയാകും ഇല്ലാതാകാനും.പ്രണയത്തിന് കുറച്ചു സമയം വേണം.ശരീരത്തിന്‍റെ ആകര്‍ഷണത്തിന് അപ്പുറത്ത് എന്തൊക്കെയോ ആണത്.നിര്‍വചിക്കാന്‍ പറ്റാത്തതായി എന്തോ ഒന്ന്.ഞാനും പ്രണയത്തിലാണ് അടര്‍ന്നു മാറാന്‍ ആകാത്ത പോലെ അഗാധമായ പ്രണയം.പക്ഷെ ഇതെന്‍റെ ജീവിതത്തിനോടാണ് .ഇത് നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്നു.ഞാനും നല്ലൊരു കുടുംബിനി ആകാനുള്ള ശ്രമത്തിലാണ് എന്നാലും ഇടക്കെപ്പോഴൊക്കെയോ  എന്‍റെ ശ്രമം പരാജയപ്പെടുന്നു.എന്നിലെ ചങ്ങലകള്‍ ഇഷ്ടപ്പെടാത്ത സ്ത്രീ സട കുടഞ്ഞെണീറ്റ് എല്ലാം കുളമാക്കുന്നു.
  ദാമ്പത്യം അതൊരു പൊരുത്തപെടല്‍ ആണ് രണ്ടുപേരുടെ ഇഷ്ടങ്ങള്‍ പതുക്കെ പതുക്കെ ഒരു താളം കണ്ടെത്തുന്നു.
        വീട്ടില്‍ അടുക്കളയിലേക്ക് തിരിഞ്ഞു നോക്കാതെ വെയിലുറക്കുബ്ബോള്‍ എഴുന്നേറ്റ് അമ്മേ ചായ എന്നും പറഞ്ഞ് ഒരു വരവുണ്ട് .പിന്നെ എല്ലാം ഒരു ഓട്ടമാണ് ക്ലാസ്സില്‍ പോകുന്നത് വരെ നിര്‍ത്താതെ ഉള്ള ഓട്ട പാച്ചില്‍.അവസാനം ബ്രേക്ക്‌ ഫാസ്റ്റ് വായില്‍ വെച്ച് തരുബോള്‍ അമ്മ ചോദിക്കും 'കുറച്ച് നേരത്തെ എഴുന്നേറ്റാല്‍ നിനക്ക് ഇങ്ങനെ ഓടണോ'.ബസ്‌ പോയാലും പിന്നെയും അങ്ങനെയേ ചെയ്യു ...എന്തോ അങ്ങനെ ഓടി പിടിച്ച് പോകാന്‍ ഒരു സുഗമായിരുന്നു.അമ്മയുടേയും അച്ഛന്‍റെയും തണല്‍ അങ്ങനെ വേണ്ടുവോളം ആസ്വതിച്ചതുകൊണ്ടാകും രാവിലെ എഴുന്നേറ്റ് അടുക്കളേല്‍ കയറാന്‍ ഒരു മടിയാണ് .പിന്നെ ഇതൊക്കെ  എന്‍റെ ജോലിയാണെന്ന് മനസ്സില്‍ പറഞ്ഞ് സമാധാനിച്ച് അലാറം മൂന്നടികുബോള്‍ എഴുന്നേറ്റ് രാവിലത്തെ പലഹാരത്തിനുള്ള വകയൊക്കെ ഒരുക്കി  ചായയുമായി പതുക്കെ ബെഡ് റൂമിലേക്ക് വരുബ്ബോള്‍ ഒരു പറച്ചിലുണ്ട് 'ഒരു അഞ്ച് മിനുറ്റ് '.ഇത് കേട്ടാല്‍ ഞാന്‍ ആണ് ഓഫീസില്‍ പോകുന്നതെന്ന് തോന്നും എല്ലാ ദേഷ്യവും കടിച്ചമര്‍ത്തി പിന്നെയും ക്ഷമയോടെ വിളിക്കും.ഇതൊക്കെയാണല്ലോ 'ഭാര്യ '.അത്രക്ക് ആദര്‍ശവതി ഒന്നും അല്ലാത്തത് കൊണ്ടാകാം ഇടക്കൊക്കെ ഞാന്‍ പൊട്ടിത്തെറിക്കും.
     ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഒട്ടും വയ്യ,രംഗബോധം  ഇല്ലാതെ ഒരു വര്‍ക്കിംഗ്‌ ഡേയില്‍ കയറിവന്ന 'അതിഥി '.അലാറം അടിച്ചിട്ടും ഭാര്യ എഴുനേല്‍ക്കുന്നില്ല.ഒട്ടും പതിവില്ലാതെ ചേട്ടന്‍ അടുക്കളയില്‍ പോയി ചൂട് ചായ ഇട്ടു കൊണ്ട് വന്നു .പിന്നെ പാത്രങ്ങള്‍ കഴുകുന്നു ബാം പുരട്ടുന്നു എന്ത് ചെയ്തിട്ടും മതിയാകുന്നില്ല .ഉച്ചക്ക് ഞാന്‍ ഉണ്ടാക്കിയ ചോറ് ചമ്മന്തി പൊടിയും തൈരും കൂട്ടി ഒരു പരാതിയും കൂടാതെ കഴിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു .ഉണ്ടാക്കി വെക്കുന്നതെന്തും ഒരു കുറ്റവും പറയാതെ സൂപ്പര്‍ എന്ന് പറഞ്ഞ് കഴിച്ചിട്ടും ഞാന്‍ മനസിലാക്കിയില്ലല്ലോ സ്നേഹം.
     തളര്‍ന്നു വീഴുബോള്‍ ഒരു കൈത്താങ്ങ്‌ ഒറ്റപെടുമ്പോള്‍ 'ഞാനില്ലേ' എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തല്‍ ഒരാള്‍.സ്വന്തം വാശികള്‍ പതുക്കെ പതുക്കെ ഇല്ലാതാകുബോള്‍ രണ്ടുപേര്‍ ഒന്നാകും .തകര്‍ന്നു പോകുന്ന ചില നിമിഷങ്ങളില്‍ ജീവിതത്തിലെ എല്ലാ പരാജയങ്ങളും ഏറ്റു പറഞ്ഞ് ഒരു കുഞ്ഞിനെ പോലെ കരയുബോള്‍ ചേര്‍ത്ത് നിര്‍ത്താന്‍.അതെ ഞാന്‍ ഇപ്പോഴും പ്രണയത്തിലാണ് വിവാഹത്തിനു ശേഷവും...

Thursday 2 March 2017

അടുക്കളയില്‍ നിന്ന്..

    അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു മുറ്റത്തെ പിച്ചി പൂവ് ഓര്‍മകളിലേക്ക് നിത്യയെ  കൂട്ടികൊണ്ട് പോയി ,അവള്‍ തടവില്‍ ആക്കപെട്ടതും ഒരു വെള്ളിയാഴ്ച്ച ആയിരുന്നു .പിച്ചി പൂവ് എന്നും അവള്‍ക്ക് പ്രിയങ്കരിയയിരുന്നു സ്വന്തം വീട്ടില്‍ മുറ്റത്ത് തളിര്‍ത്ത് നിന്ന പിച്ചിയുടെ ഓര്‍മ്മക്കെന്നോണം ആണ് ഭാതൃ വീട്ടില്‍ അടുക്കളയോട് ചേര്‍ന്ന് അവള്‍ ഒരു പിച്ചി നാട്ടുപിടിപ്പിച്ചത് .ഇളയ കുട്ടിയായത് കൊണ്ട് തന്നെ ഒരുപാട് ലാളന അനുഭവിച്ചു വളര്‍ന്നു .വിവാഹത്തോടെ എല്ലാം അവസാനിക്കുകയായിരുന്നു എന്നവള്‍ അറിഞ്ഞില്ല.അവളുടെ ഗവണ്മെന്റ് ജോബ്‌ എന്ന സ്വപ്നവും തുടര്‍ പഠനവും സ്വപ്നങ്ങളും എല്ലാം തകര്‍ന്നടിഞ്ഞത് അന്നാണ് .താലി അതൊരു തടവറയാണ് പെണ്ണിന്‍റെ സ്വപ്നങ്ങല്‍ക്കുമേല്‍ ആരൊക്കെയോ ചേര്‍ന്ന് പൂട്ടുന്ന മണിച്ചിത്രതാഴ്.വീട്ടില്‍ നിന്ന് മാറി നിന്നതിന്‍റെ സങ്കടം മനസിലാക്കാനോ' ഇനി ഞാനില്ലേ 'എന്ന് വെറുതെ പറയാന്‍ പോലും ഭര്‍ത്താവ് ശ്രമിച്ചില്ല,പകരം തന്‍റെ നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ തീര്‍കുബോള്‍ അവള്‍ ഒരു ഭാര്യയുടെ കടമ നിറവേറ്റി.അവിടം തൊട്ട് നിത്യ അവസാനിക്കുകയായിരുന്നു മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം  മറന്നു പോയി .
          കല്യാണത്തിന് 10 ദിവസത്തിന് ശേഷം ഗള്‍ഫിലേക്ക്  മടങ്ങി പോയ ഭര്‍ത്താവ് സമ്മാനമായി കൊടുത്ത കുഞ്ഞിനു വേണ്ടി ആയി ബാക്കി ജീവിതം സ്വന്തം വീട്ടില്‍ ഒന്നു പോകാന്‍ പോലും നിത്യക്ക്‌ ഭയമായിരുന്നു ഒരുപാട് പേരുടെ സമ്മതം വങ്ങേണ്ടിയിരിക്കുന്നു കാര്യവും കാരണവും വിവരിച്ച ശേഷം ഒരു ദിവസം അനുവദിക്കുന്ന പരോള്‍ .ഒരു തൊട്ടാവാടിയില്‍ നിന്നും ഒരു അമ്മയിലെക്കുള്ള വളര്‍ച്ച .നിനക്ക് സുഖമാണോ എന്ന് പ്രിയതമന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല .കൊണ്ടുവന്ന സ്വര്‍ണത്തിന്‍റെ കണക്ക് പറഞ്ഞും കിട്ടിയ ബന്ദത്തിന്റെ പോരായ്മ പറഞ്ഞും കുറ്റപെടുത്തുന്ന ഒരു അമ്മയും.ജീവിതം വളരെ വിരസമായിട്ട് മുന്‍പോട്ട് പോയി .ഒരു വാക്കുകൊണ്ട് പോലും അംഗീകാരം ലഭിക്കാത്ത ഒരു വീട്ടില്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ച് തീര്‍കുന്നു.
              പിന്നെയും പിച്ചി പൂവിന്‍റെ ഗന്ധം അവളെ ആ കൌമാരക്കാരിയിലേക്ക് തിരിച്ച് കൊണ്ട്പോയി വാശിയോടെ പഠിച്ച് നേടിയ ഡിഗ്രി ,പി ജി  .ഒരു രൂപക്ക് വേണ്ടി കൈ നീട്ടേണ്ടി വരുന്നവളുടെ അടുക്കളക്കാരിയുടെ അവസ്ഥ അവളെ ചിന്തിപ്പിച്ചു. എന്തുകൊണ്ട് തിരിച്ച് പോയിക്കൂടാ പഠനത്തിലേക്ക്അവള്‍ അച്ഛനെ വിളിച്ചു പഠിക്കാനുള്ള പുസ്തകങ്ങള്‍ ആരും അറിയാതെ വീട്ടില്‍ കൊണ്ട് വന്നു അടുക്കളയിലെ ഒഴിവുസമയങ്ങളിലും രാത്രിയുടെ ശൂന്യതയിലും അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു .അങ്ങനെ  സിവില്‍ സര്‍വീസ് എന്ന കടമ്പ കടന്നു .എന്നിട്ടും സ്വന്തം ഭര്‍ത്താവിനെയും വീട്ടുകാരേയും അവള്‍ ഉപേക്ഷിച്ചില്ല .ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി അവളെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടാതെ അയാള്‍ ഇരുന്നു .ഒന്നും സംഭവിക്കാത്തത് പോലെ അവള്‍ ചായയുമായി അടുത്തേക്ക് ചെന്നു ,ചായ കൊടുത്ത് തിരിഞ്ഞു നടന്ന അവളുടെ തോളില്‍ അയാള്‍ മെല്ലെ സ്പര്‍ശിച്ചു ജീവിതത്തില്‍ ആദ്യമായി സ്നേഹത്തോടെ... അതിലേറെ സംരക്ഷണം ആ സ്പര്‍ശത്തില്‍ ഉണ്ടായിരുന്നു .അയാള്‍ പറഞ്ഞു' എനിക്ക് മാപ്പ് തരണം അടുക്കളയിലെ നാലു ചുവരുകളില്‍ നിന്നെ തളച്ചതിന് നിന്നെ അറിയാതെ പോയതിന് എന്നിലെ അഹങ്കാരിയായ പുരുഷന് നീ മാപ്പ് തരണം'.നിത്യയുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ അയാളുടെ പാപത്തെ കഴുകി കളഞ്ഞു .
   അതെ സ്ത്രീക്ക് മാത്രമേ ക്ഷമിക്കാന്‍ കഴിയൂ തന്നെ ഇല്ലാതാക്കുന്ന ഭര്‍ത്താവിനു വേണ്ടി പോലും അവള്‍ പ്രാര്‍ത്ഥിക്കും .സുമംഗലി ആയി തന്നെ മരിക്കാന്‍ കഴിയുന്നത് സ്ത്രീയുടെ  ഏറ്റവും വലിയ പുണ്യമാണല്ലോ .

Saturday 7 January 2017

കുടുംബം

      കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളത്, ഇത് ഞാന്‍ എവിടെയോ വായിച്ചതാണ് . നമ്മുടേത് മാത്രമായ ചെറിയ ലോകം.ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ എന്ന പലരുടേയും ചോദ്യത്തിന് മുന്‍പില്‍ നിന്നും പലവട്ടം ഒഴിഞ്ഞു മാറിയിട്ടുണ്ട്.ഓം ശാന്തി ഓശാനയില്‍ പറയുന്നപോലെ ചായ കുടിക്കാന്‍ വരുന്ന ഒരാളെ എന്ത് വിശ്വസിച്ച് കൂടെ കൂട്ടും.പക്ഷെ   ഒരുപാട് നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട്  ചായ കുടിക്കാന്‍ വരുന്ന ഏതെങ്കിലും ഒന്നു സമ്മതിക്കാന്‍ മനസ്സ് പാകപ്പെടുത്തി.അതെ ഒരു അറേഞ്ച്  മാര്യേജ് അത് മനസിലുണ്ടാക്കുന്ന പിരിമുറുക്കങ്ങളിലൂടെയുള്ള യാത്രയായിരുന്നു  ഈ പോയ മൂന്ന് മാസങ്ങള്‍ .കാണുന്നവര്‍ക്ക് ഞാന്‍ വളര്‍ന്നു പന്തലിച്ചെങ്കിലും എവിടെയൊക്കെയോ മനസ്സിന്‍റെ കോണില്‍ ഒരു പത്തുവയസ്സുകാരി കുറുംബ് കാണിക്കുന്നതുപോലെ.ഒറ്റക്ക് ഒരു തീരുമാനവും ജീവിതത്തില്‍ എടുക്കാനുള്ള പ്രാപ്തി ഇപ്പോളും എനിക്കുണ്ടോ എന്ന് സംശയമാണ് .കുറഞ്ഞത് മൂന്നു പെരോടെങ്കിലും അഭിപ്രായം ചോദിക്കുന്ന ഞാന്‍ ഒരു സുരക്ഷിത മേഖലയില്‍  നിന്നും പെട്ടെന്ന്‍ പുറത്തേക്ക് എടുത്ത് എറിയപെട്ടപോലെ .
        അതി ഗംഭീരമായ ഒരു പെണ്ണുകാണല്‍ ചടങ്ങിലൂടെ എന്‍റെ ജീവിതത്തിലേക്ക് വന്ന പുതിയ വ്യക്തിത്വത്തിന് എത്രത്തോളം എന്നെ ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്ന് അറിയില്ല .കുറച്ച് ഫ്ലാഷ് ബാക്ക് ലേക്ക് പോകാം സെപ്റ്റംബര്‍ 4 അന്നാണ് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായത് എന്നൊക്കെ പറയാം .ചായ സല്‍കാരത്തിനു ശേഷമുള്ള ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ .എന്തേലും  ചോദിക്കാനുണ്ടോ എന്തൊക്കെ ആലോചിച്ചിട്ടും ഒന്നും കിട്ടാനില്ലാത്ത അവസ്ഥ .ആ ഒരു മണിക്കൂര്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ അഭിരുചികളുള്ള രണ്ട് തലങ്ങളില്‍ വളര്‍ന്ന രണ്ടു പേരെ ദൈവം ഒരുമിപ്പിക്കുകയായിരുന്നു.ഒരാള്‍ നോണ്‍ വെജ് ആണെങ്കില്‍ മറ്റേത് വെജ് .മലയാളം ഫിലിം മാത്രം ഇഷ്ടപെടുന്ന എന്നോട് 'conjuring 2 'നെ പറ്റി ചോദിച്ചാ എന്താ പറയുക.ഒരു തവണ പോലും 'wrestling' കണ്ടിട്ടില്ലാത്ത ഞാനും രാത്രി 2 am വരെ ഉറക്കമിളച്ച് 'wrestling' കാണുന്ന ഏട്ടനും തമ്മില്‍ അലുവയും മത്തിക്കറിയും പോലെ ചേര്‍ച്ച.എന്നിട്ടും ഞാന്‍ എന്തുകൊണ്ട് നോ പറഞ്ഞില്ല.രണ്ടാമത് ഒരു കൂടി കാഴ്ച കൂടി കഴിഞ്ഞപ്പോ കുറെ കൂടി തുറന്ന്‍ സംസാരിക്കാന്‍ കഴിഞ്ഞു.എം ടെക് സര്‍ട്ടിഫിക്കറ്റ്ന് അപ്പുറം ഞാനൊന്നും അല്ലെന്ന്‍ പറയണമല്ലോ.ഞാന്‍ തന്നെ തീര്‍ത്ത നാലു ചുമരുകള്‍ക്കുള്ളില്‍ അക്ഷരങ്ങളെ സ്നേഹിച്ച്  കഴിയുന്ന എനിക്ക് അതിനപ്പുറമുള്ള ലോകത്തെ പറ്റി അതികമൊന്നും പറയാനുണ്ടായിരുന്നില്ല .എഴുത്തിനെ ഇഷ്ടപെടുന്ന ആളാണ്..വായിക്കാനും ഇഷ്ടമാണ് അതെന്നെ കുറച്ച് സ്വാധീനിച്ചു എന്ന് തന്നെ പറയാം. അതിനു ശേഷം വീട്ടുകാര്‍ ഒരു തീരുമാനത്തിലെത്തുന്നതു വരെയുള്ള  രണ്ട് മൂന്നു ദിവസം ഇടവേളയില്‍ ഞാന്‍ സത്യത്തില്‍ ഇതിനെ പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ.വീണ്ടും വീണ്ടും ചിന്തിക്കാന്‍ മാത്രം എന്തോ എവിടെയോ ഉടക്കിയപോലെ. മനസിന്റെ കട്ടി കൂടി വരുന്നപോലെ നൂറു തടസങ്ങള്‍ മുന്നില്‍ വന്നാലും ഉള്ളിലെവിടെയോ ഇത് നടക്കണേ എന്ന് ഞാന്‍ അറിയാതെ പ്രാര്‍ഥിച്ചു.അങ്ങനെ മോതിരം മാറലും സംസാരവും ഒക്കെയായി ഒരു നീണ്ട ഇടവേളയില്‍ ഞാന്‍ അക്ഷരങ്ങളെ പോലും മറന്നു .മറന്നതല്ല സമയമില്ലായ്മ ഒരു ദിവസവും ഒന്നിനും മതിയാകുന്നില്ല.ഇതിനിടയില്‍ രണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഉരസലും പൊട്ടിത്തെറിയും കൂടി ആകുബോ എന്‍റെ കുഞ്ഞു മനസ്സിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു .എന്നിരുന്നാലും എന്‍റെ വാശികള്‍ക്കും  മണ്ടത്തരങ്ങള്‍ക്കും മുന്നില്‍ തോറ്റുതരാനും ഒരു   സോറി യില്‍ എല്ലാം മറക്കാനും  ഞങ്ങള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്.
      എത്ര പുറം തിരിഞ്ഞു നടന്നാലും തിരികെ വിളിക്കുന്ന എന്തോ ഒന്ന്,ഒരു ദിവസത്തിനപ്പുറം പിണങ്ങാന്‍ കഴിയാത്ത അവസ്ഥ ഇതൊക്കെ തന്നെയാകും പ്രണയം.പ്രത്യേകിച്ച് ഒരു കാരണം കണ്ടെത്താന്‍ കഴിയാതെ സ്നേഹിക്കുന്നു മറ്റൊരാളുടെ സന്തോഷത്തിനായി സ്വന്തം താല്പര്യങ്ങള്‍ സന്തോഷത്തോടെ വേണ്ടെന്നു വെക്കാന്‍ കഴിയുന്നു.ഇതൊക്കെ എന്നിലെ മറ്റങ്ങളാകം.ഞാന്‍ എന്നതില്‍ നിന്നു ഞങ്ങള്‍ എന്നതിലേക്ക് ഇനി ഒരു മാസത്തെ അകലം മാത്രം .പ്രതീക്ഷയും അതിലേറെ ആകാംഷയും ,പിന്നെ എല്ലാം അറിയുന്ന ദൈവത്തെ മുറുകെ പിടിച്ച് ഇനിയും മുന്‍പോട്ടു പോകുക തന്നെ ..