പ്രണയം അതുണ്ടാകാന്‍ ഒരു നിമിഷം മതി എന്നൊക്കെ പറയുന്നത് വെറുതെയാണ്.ഒരു നിമിഷത്തെ പ്രണയത്തിന് ഒരു ചെറിയ തെറ്റ് തന്നെ മതിയാകും ഇല്ലാതാകാനും.പ്രണയത്തിന് കുറച്ചു സമയം വേണം.ശരീരത്തിന്‍റെ ആകര്‍ഷണത്തിന് അപ്പുറത്ത് എന്തൊക്കെയോ ആണത്.നിര്‍വചിക്കാന്‍ പറ്റാത്തതായി എന്തോ ഒന്ന്.ഞാനും പ്രണയത്തിലാണ് അടര്‍ന്നു മാറാന്‍ ആകാത്ത പോലെ അഗാധമായ പ്രണയം.പക്ഷെ ഇതെന്‍റെ ജീവിതത്തിനോടാണ് .ഇത് നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്നു.ഞാനും നല്ലൊരു കുടുംബിനി ആകാനുള്ള ശ്രമത്തിലാണ് എന്നാലും ഇടക്കെപ്പോഴൊക്കെയോ എന്‍റെ ശ്രമം പരാജയപ്പെടുന്നു.എന്നിലെ ചങ്ങലകള്‍ ഇഷ്ടപ്പെടാത്ത സ്ത്രീ സട കുടഞ്ഞെണീറ്റ് എല്ലാം കുളമാക്കുന്നു.
ദാമ്പത്യം അതൊരു പൊരുത്തപെടല്‍ ആണ് രണ്ടുപേരുടെ ഇഷ്ടങ്ങള്‍ പതുക്കെ പതുക്കെ ഒരു താളം കണ്ടെത്തുന്നു.
വീട്ടില്‍ അടുക്കളയിലേക്ക് തിരിഞ്ഞു നോക്കാതെ വെയിലുറക്കുബ്ബോള്‍ എഴുന്നേറ്റ് അമ്മേ ചായ എന്നും പറഞ്ഞ് ഒരു വരവുണ്ട് .പിന്നെ എല്ലാം ഒരു ഓട്ടമാണ് ക്ലാസ്സില്‍ പോകുന്നത് വരെ നിര്‍ത്താതെ ഉള്ള ഓട്ട പാച്ചില്‍.അവസാനം ബ്രേക്ക് ഫാസ്റ്റ് വായില്‍ വെച്ച് തരുബോള്‍ അമ്മ ചോദിക്കും 'കുറച്ച് നേരത്തെ എഴുന്നേറ്റാല്‍ നിനക്ക് ഇങ്ങനെ ഓടണോ'.ബസ് പോയാലും പിന്നെയും അങ്ങനെയേ ചെയ്യു ...എന്തോ അങ്ങനെ ഓടി പിടിച്ച് പോകാന്‍ ഒരു സുഗമായിരുന്നു.അമ്മയുടേയും അച്ഛന്‍റെയും തണല്‍ അങ്ങനെ വേണ്ടുവോളം ആസ്വതിച്ചതുകൊണ്ടാകും രാവിലെ എഴുന്നേറ്റ് അടുക്കളേല്‍ കയറാന്‍ ഒരു മടിയാണ് .പിന്നെ ഇതൊക്കെ എന്‍റെ ജോലിയാണെന്ന് മനസ്സില്‍ പറഞ്ഞ് സമാധാനിച്ച് അലാറം മൂന്നടികുബോള്‍ എഴുന്നേറ്റ് രാവിലത്തെ പലഹാരത്തിനുള്ള വകയൊക്കെ ഒരുക്കി ചായയുമായി പതുക്കെ ബെഡ് റൂമിലേക്ക് വരുബ്ബോള്‍ ഒരു പറച്ചിലുണ്ട് 'ഒരു അഞ്ച് മിനുറ്റ് '.ഇത് കേട്ടാല്‍ ഞാന്‍ ആണ് ഓഫീസില്‍ പോകുന്നതെന്ന് തോന്നും എല്ലാ ദേഷ്യവും കടിച്ചമര്‍ത്തി പിന്നെയും ക്ഷമയോടെ വിളിക്കും.ഇതൊക്കെയാണല്ലോ 'ഭാര്യ '.അത്രക്ക് ആദര്‍ശവതി ഒന്നും അല്ലാത്തത് കൊണ്ടാകാം ഇടക്കൊക്കെ ഞാന്‍ പൊട്ടിത്തെറിക്കും.
ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഒട്ടും വയ്യ,രംഗബോധം ഇല്ലാതെ ഒരു വര്‍ക്കിംഗ് ഡേയില്‍ കയറിവന്ന 'അതിഥി '.അലാറം അടിച്ചിട്ടും ഭാര്യ എഴുനേല്‍ക്കുന്നില്ല.ഒട്ടും പതിവില്ലാതെ ചേട്ടന്‍ അടുക്കളയില്‍ പോയി ചൂട് ചായ ഇട്ടു കൊണ്ട് വന്നു .പിന്നെ പാത്രങ്ങള്‍ കഴുകുന്നു ബാം പുരട്ടുന്നു എന്ത് ചെയ്തിട്ടും മതിയാകുന്നില്ല .ഉച്ചക്ക് ഞാന്‍ ഉണ്ടാക്കിയ ചോറ് ചമ്മന്തി പൊടിയും തൈരും കൂട്ടി ഒരു പരാതിയും കൂടാതെ കഴിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു .ഉണ്ടാക്കി വെക്കുന്നതെന്തും ഒരു കുറ്റവും പറയാതെ സൂപ്പര്‍ എന്ന് പറഞ്ഞ് കഴിച്ചിട്ടും ഞാന്‍ മനസിലാക്കിയില്ലല്ലോ സ്നേഹം.
തളര്‍ന്നു വീഴുബോള്‍ ഒരു കൈത്താങ്ങ് ഒറ്റപെടുമ്പോള്‍ 'ഞാനില്ലേ' എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തല്‍ ഒരാള്‍.സ്വന്തം വാശികള്‍ പതുക്കെ പതുക്കെ ഇല്ലാതാകുബോള്‍ രണ്ടുപേര്‍ ഒന്നാകും .തകര്‍ന്നു പോകുന്ന ചില നിമിഷങ്ങളില്‍ ജീവിതത്തിലെ എല്ലാ പരാജയങ്ങളും ഏറ്റു പറഞ്ഞ് ഒരു കുഞ്ഞിനെ പോലെ കരയുബോള്‍ ചേര്‍ത്ത് നിര്‍ത്താന്‍.അതെ ഞാന്‍ ഇപ്പോഴും പ്രണയത്തിലാണ് വിവാഹത്തിനു ശേഷവും...