Wednesday 29 June 2016

മഴക്കാലം

പാതി തുറന്ന ജനല്‍ പാളിയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി....പുറത്ത് മഴയാണ്.ജനലില്‍ തട്ടി തെറിച്ചു പോകുന്ന മഴ തുള്ളികള്‍ക്ക് എന്തൊക്കെയോ പറയാനുള്ളത് പോലെ
      മഴ ഒരു ഓര്‍മയാണ്...കാലത്തിന്‍റെ മല വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയ ഒരു നല്ല കാലത്തിന്‍റെ നനുത്ത ഓര്‍മ.... തേനൂറുന്ന മാമ്പഴകാലത്തില്‍  നിന്ന് പുതിയ ഒരു അധ്യയന വര്‍ഷത്തിലേക്കുള്ള യാത്ര .മഴ കൂട്ടികൊണ്ട് പോയത് അങ്ങനെ ഒരു അവധി കാലത്തേക്കാണ്...
          അമ്മയുടെ വീട്ടിലെ അവധിക്കാലം 'മാമ്പഴക്കാലം ' എന്നു പറയുന്നത് ആകും കൂടുതല്‍ ശരി...കത്തുന്ന സൂര്യനെ പോലും വക വെക്കാതെ പാടത്തും തൊടിയിലും കളിച്ചു നടന്ന കുട്ടിക്കാലം ...മഴയില്‍ പൊഴിയുന്ന മാങ്ങ പെറുക്കുവാന്‍ മത്സരിച്ച് ഓടുമ്പോള്‍  ജലദോഷത്തെ പറ്റി ആരും വേവലാതി പെട്ടിട്ടില്ല .
           രാവിലെ അമ്മു വിന്‍റെ വിളി കേട്ടാണ് ഉണര്‍ന്നത് അവള്‍ക്ക് ഒരു ഉപ്പന്‍ കുഞ്ഞിനെ കിട്ടിയിരിക്കുന്നു ..അമ്മുവും ആശയും ഞാനും കൂടി അതിനെ പരിപാലിക്കാന്‍ തുടങ്ങി ..വീട്ടില്‍ ജീവികള്‍ക്ക് ഭ്രഷ്ട് ആയത്കൊണ്ട് ഞങ്ങള്‍ വീടുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു .ഞങ്ങളുടെ നിഷ്കളങ്കമായ ലാളനം അതിനെ വേദനിപ്പിച്ചിട്ടുണ്ടാകാം...എന്നാലും ഞങ്ങള്‍ കൊടുത്ത മാമ്പഴവും ചക്കപഴവും അത് ആര്‍ത്തിയോടെ വാ തുറന്നു സ്വീകരിച്ചു.
  ചീനി കമ്പുകള്‍ വെട്ടി മണ്ണില്‍ താഴ്ത്തുമ്പോള്‍  വീട് പണിയുന്ന കുട്ടന്‍ മേസ്ത്രിയേക്കാള്‍  ഗര്‍വുണ്ടായിരുന്നു അമ്മുവിന് .കമ്പുകള്‍ നൂല്‍ കമ്പി കൊണ്ട് കെട്ടി ചണത്തില്‍ ബന്ദിച്ച കുഞ്ഞ് വാതിലും,കച്ചിയും ഇലകളും കൊണ്ട് തീര്‍ത്ത മേല്‍കൂരയും ആയപ്പോള്‍ വീടുപണി കഴിഞ്ഞു .ഉപ്പന്‍ കുഞ്ഞിനെ സ്നേഹത്തോടെ ഞങ്ങള്‍ 'ചിപ്പു' എന്ന് വിളിച്ചു .ഞങ്ങള്‍ ഉണ്ടാക്കിയ വീട്ടിലേക്ക് അതിനെ എടുത്ത് വെക്കുമ്പോള്‍ എന്തോ വലിയ നന്മ ചെയ്ത പ്രതീതി ആയിരുന്നു ഞങ്ങള്‍ക്ക് .പകല്‍ രാത്രിയോട് വിട പറഞ്ഞപ്പോള്‍  ഞങ്ങള്‍ ചിപ്പു വിനെ മറന്നു .പകലത്തെ അധ്വാനത്തിന്‍റെ  ക്ഷീണവും പുറത്തെ മഴയുടെ താളവും ആയപ്പോള്‍ പതിവിലും നേരത്തെ ഉറങ്ങി പോയി .
       നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടു ഞങ്ങളുടെ വീട് മഴയില്‍ ഒലിച്ചു പോയിരിക്കുന്നു .പ്രായത്തിന്‍റെ  പക്വത ഇല്ലായ്മയില്‍ ഞങ്ങള്‍ അറിഞ്ഞില്ല ചെയ്ത പാപത്തിന്‍റെ ആഴവും വ്യാപ്തിയും ..മഴയിലും കാറ്റിലും പെട്ട് ചീനിക്കമ്പ് മറിഞ്ഞ് ദേഹത്ത് വീണപ്പോള്‍ തണുത്തു വിറച്ച് ആ പാവം കരഞ്ഞു കാണും ..ഒരു പക്ഷെ ഇടക്ക് വലിഞ്ഞു കയറി വന്ന ഞങ്ങള്‍ ഇല്ലാരുന്നെങ്കില്‍ അതിന്‍റെ അമ്മ തന്നെ അതിനെ കൊണ്ട് പോകുമായിരുന്നിരിക്കാം .
     ചത്തു മലച്ച ആ കുഞ്ഞു ശരീരം ഞങ്ങള്‍ കുഴിച്ചു മൂടി പൂക്കള്‍ വിതറി ...അറിയാതെ ആണെങ്കിലും ചെയ്തു പോയ മഹാപാപത്തിന്‍റെ തീച്ചൂളയില്‍ നിന്നും കുറ്റബോധത്തിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ കവിളുകളെ ഈറനണിയിച്ചു .അങ്ങനെ ഒരു മഴക്കാലം കവര്‍ന്നു കൊണ്ടു പോയ  കുഞ്ഞു ജീവന്‍ ഒരു പിടച്ചിലായി മനസ്സില്‍ ഒരു മഴത്തുള്ളി പോലെ ഇന്നും അവശേഷിക്കുന്നു .

No comments:

Post a Comment